തൃശ്ശൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; രേഖകള്‍ ഇല്ലാതെ കടത്തിയ 300 പവനുമായി ചാവക്കാട് സ്വദേശി പിടിയില്‍

പുതുക്കാട് ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്

തൃശ്ശൂര്‍: തൃശ്ശൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. രേഖകളില്ലാതെ കടത്തിയ മുന്നൂറ് പവന്‍ സ്വര്‍ണ്ണം എക്‌സൈസ് സംഘം പിടികൂടി. പുതുക്കാട് നിന്നുമാണ് രേഖകള്‍ ഇല്ലാതെ കടത്തിയ സ്വര്‍ണ്ണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ചാവക്കാട് സ്വദേശി ശ്യാംലാല്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.

വയനാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലാണ് ശ്യാം ലാല്‍ യാത്ര ചെയ്തിരുന്നത്. പുതുക്കാട് ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

തൃശ്ശൂരിലുള്ള ജ്വല്ലറികള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് സ്വര്‍ണ്ണം കൊണ്ട് പോകുന്നതെന്നാണ് ശ്യാംലാല്‍ എക്‌സൈസ് അധികൃതരോട് പറഞ്ഞിരിക്കുന്നത്. ഇയാള്‍ ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തുന്നത് ഇത് ആദ്യമായല്ല എന്നാണ് എക്‌സൈസ് അധികൃതരുടെ നിഗമനം. അതേസമയം ഇയാള്‍ക്ക് ഇത്രയും സ്വര്‍ണ്ണം നല്‍കിയവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എക്‌സൈസ് സംഘം സ്വര്‍ണ്ണവും പ്രതിയെയും നികുതി വകുപ്പിന് കൈമാറും.

Exit mobile version