വീടിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തി ആത്മഹത്യാ ശ്രമം; മകള്‍ മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍; സംഭവം തിരുവനന്തപുരത്ത്

മകള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം: ആറ് ലക്ഷം ബാധ്യതയുടെ പേരില്‍ വീട് ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോയതോടെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് അമ്മയും മകളും. മകള്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. വൈഷ്ണവി(19) ആണ് മരിച്ചത്. പൊള്ളലേറ്റ അമ്മ ലേഖ(40)യെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരുടെ നില അതീവ ഗുരുതരമാണ്.

മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വീടും വസ്തുവകകളും ജപ്തി ചെയ്ത് നഷ്ടപ്പെട്ടു പോകുമെന്ന ഭയത്തിലാണ് ആത്മഹത്യയ്ക്ക് ഇരുവരും മുതിര്‍ന്നതെന്നാണ് വിവരം. നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാണ് പതിനഞ്ച് വര്‍ഷം മുന്‍പ് ഇവര്‍ വായ്പ എടുത്തിരുന്നത്. പലിശ സഹിതം ഇപ്പോള്‍ ആറ് ലക്ഷത്തിഎണ്‍പതിനായിരം രൂപയായിട്ടുണ്ട്. വിദേശത്തായിരുന്ന ഇവരുടെ ഭര്‍ത്താവ്

ഇവരുടെ ഭര്‍ത്താവിന് വിദേശത്തുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതോടെയാണ് കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായത്. ജപ്തി നോട്ടീസ് ലഭിച്ചത് മുതല്‍ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്ന് നാട്ടുകാരും പറയുന്നു. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് വിവരം.

അതേസമയം, ഒരു തരത്തിലും ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്കു ബാങ്ക് അധികൃതര്‍ തയ്യാറായിട്ടില്ല.

Exit mobile version