കാന്‍സര്‍ രോഗിക്ക് കൈത്താങ്ങായി സ്വകാര്യബസ്, ഒരു ദിവസത്തെ വരുമാനം നല്‍കി; മാതൃക

കൊച്ചി: കാന്‍സര്‍ രോഗിക്ക് ഒരു ദിവസത്തെ വരുമാനം നല്‍കി മാതൃകയായിരിക്കുകയാണ് എറണാകുളത്തെ സ്വകാര്യ ബസ് ഉടമയും തൊഴിലാളികളും. ഹതൊഴിലാളിയുടെ പിതാവിന് വേണ്ടിയായിരുന്നു ഒരു ദിവസം ഓടിക്കിട്ടിയ വരുമാനം ബസ് ജീവനക്കാര്‍ നല്‍കിയത്. എറണാകുളം വൈറ്റില സര്‍ക്കിളില്‍ സര്‍വീസ് നടത്തുന്ന റാമി ബസിന്റേതാണ് ഈ സഹായ ഹസ്തം.

ബസിന്റെ മുന്‍വശത്ത് സ്ഥാപിച്ച ബാനറില്‍ പറയുന്നത് പോലെ കാരുണ്യ യാത്രയായിരുന്നു കഴിഞ്ഞ ദിവസം നടത്തിയത്. യാത്രക്കാരില്‍ നിന്ന് പണം വാങ്ങി ടിക്കറ്റ് മുറിക്കുന്ന ഏര്‍പ്പടില്ല. യാത്ര കൂലി ബക്കറ്റ് പിരിവായി സ്വീകരിച്ചു. ഒരു രൂപയ്ക്കും രണ്ട് രൂപക്കും വരെ ബസ് ജീവനക്കാരും യാത്രക്കാരും പരസ്പരം തര്‍ക്കിക്കുന്ന ഈ കാലത്ത് ടിക്കറ്റ് കൂലിയേക്കള്‍ കൂടിയ തുക ബക്കറ്റില്‍ മടിയൊന്നും കൂടാതെ നിക്ഷേപിച്ചു യാത്രക്കാര്‍. കാരണം ഈ ദിവസത്തെ യാത്രകൂലി മുതലാളിമാര്‍ക്കോ തൊഴിലാളികള്‍ക്കോ ഉള്ളതല്ല. ക്യാന്‍സറിനോട് പടപൊരുതുന്ന എറണാകുളത്ത് തന്നെയുള്ള സ്വകാര്യ ബസ് ജീവനക്കാരനായ അജിയുടെ പിതാവിന്റെ ചികിത്സക്ക് വേണ്ടിയുള്ളതാണ്. മറ്റൊരു ബസിലെ ജീവനക്കാരനായിട്ടും അജിയുടെ പിതാവിന് വേണ്ടി കവിത ട്രാവല്‍സ് ഉടമകള്‍ ആയ സനല്‍,രാജേഷ്,അഖില്‍ എന്നിവര്‍ ഒരു ദിവസത്തെ വരുമാനം സമര്‍പ്പിക്കുകയായിരുന്നു.

ഒരു ദിവസത്തെ ടിക്കറ്റ് കളക്ഷന്‍, ചികിത്സയ്ക്ക് വേണ്ടി വരുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ നന്നേ കുറവാണ്. അതിനാല്‍ വരും ദിവസങ്ങളില്‍ മറ്റ് ബസ് ഉടമകളും സമാനമായ രീതിയില്‍ സഹായിക്കുമെന്ന പ്രതീക്ഷയില്‍ ആണ് അജിയുടെ സുഹൃര്‍ത്തുക്കളായ തൊഴിലാളികള്‍.

Exit mobile version