കൊച്ചിയിലെ സ്വര്‍ണ്ണ കവര്‍ച്ച; ശുദ്ധീകരണശാല പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെ

വ്യവസായമേഖലയില്‍ 25 കൊല്ലങ്ങളായി പ്രവര്‍ത്തിക്കുന്ന സിആര്‍ജി മെറ്റലോയ്‌സ് പ്രവര്‍ത്തനം നിഗൂഢമാണെന്നാണ് പഞ്ചായത്തിന്റെ ആരോപണം.

കൊച്ചി: കഴിഞ്ഞ ദിവസം സ്വര്‍ണ്ണ കവര്‍ച്ച നടന്ന ആവുവ ഇടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണശാലയ്ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ട്. വ്യവസായമേഖലയില്‍ 25 കൊല്ലങ്ങളായി പ്രവര്‍ത്തിക്കുന്ന സിആര്‍ജി മെറ്റലോയ്‌സ് പ്രവര്‍ത്തനം നിഗൂഢമാണെന്നാണ് പഞ്ചായത്തിന്റെ ആരോപണം.

ആലുവയ്ക്കടുത്തുളള എടയാര്‍ വ്യവസായ മേഖലയിലെ സിആര്‍ജി മെറ്റലോയ്‌സ് ഒരു സ്വര്‍ണ്ണ ശുദ്ധീകരണ ശാലയാണെന്നുള്ളത് കേട്ടുകേള്‍വി മാത്രം ആണെന്നാണ് പഞ്ചായത്ത് പറയുന്നത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ല. വ്യവസായ മേഖലയിലെ സ്വര്‍ണ്ണശുദ്ധീകരണ ശാല അടക്കമുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും തടസങ്ങളുണ്ടായി.

സ്വര്‍ണ്ണ കവര്‍ച്ചയ്ക്ക് ശേഷം സ്ഥാപനത്തില്‍ പരിശോധിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ പോലും ജീവനക്കാര്‍ തയ്യാറായില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നു.

എന്നാല്‍, എല്ലാ വിധ അംഗീകാരങ്ങളോടും കൂടിയാണ് സിജിആര്‍ മെറ്റലോയ്‌സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നാണ് ഉടമ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ ഇടയാര്‍ വ്യവസായ മേഖലയിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കാനൊരുങ്ങുകയാണ് കടുങ്ങല്ലൂര്‍ പഞ്ചായത്ത്.

കഴിഞ്ഞ ദിവസം സ്വര്‍ണ്ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടു പോകുംവഴി 25 കിലോ സ്വര്‍ണ്ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയ രണ്ടംഗ സംഘമാണ് സ്വര്‍ണ്ണം കവര്‍ന്നത്.

Exit mobile version