ആലുവയിലെ സ്വര്‍ണ്ണ കവര്‍ച്ച നടത്തിയത് മലയാളികള്‍! അന്വേഷണം കൂടുതല്‍ പേരിലേക്ക്

സംഭവത്തില്‍ വിവിധ ജ്വല്ലറികളില്‍ നിന്നായി സ്വര്‍ണ്ണം ശേഖരിച്ച് ഇവിടെയെത്തിക്കുന്ന സ്വകാര്യ ഏജന്‍സിയിലേയും എടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണ ശാലയിലേയും ജീവനക്കാരുടെ വിശദാംശങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

കൊച്ചി: ആലുവയിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതരസംസ്ഥാന കവര്‍ച്ചാസംഘമെന്ന വാദം തളളി പോലീസ്. കൃത്യം നടത്താന്‍ എത്തിയവര്‍ മലയാളത്തിലാണ് സംസാരിച്ചതെന്ന മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു.

ആലുവ എടയാറിലെ സിആര്‍ജി മെറ്റലേഴ്‌സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ നിന്നടക്കമുള്ള 22 കിലോ സ്വര്‍ണ്ണം കാറില്‍ കൊണ്ടു പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്വര്‍ണ്ണം കവര്‍ന്നത്.

സംഭവത്തില്‍ വിവിധ ജ്വല്ലറികളില്‍ നിന്നായി സ്വര്‍ണ്ണം ശേഖരിച്ച് ഇവിടെയെത്തിക്കുന്ന സ്വകാര്യ ഏജന്‍സിയിലേയും എടയാറിലെ സ്വര്‍ണ്ണ ശുദ്ധീകരണ ശാലയിലേയും ജീവനക്കാരുടെ വിശദാംശങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

സംശയമുളളവരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്. സ്വര്‍ണ്ണം കൊണ്ടുപോയ കൊച്ചിയിലെ സ്വകാര്യ ഏജന്‍സിയിലെ നാലുപേരാണ് നിലവില്‍ കസ്റ്റഡിയിലുളളത്. ഇവരുടെ മൊഴികളില്‍ ചില വൈരുദ്ധ്യങ്ങളുളളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് നിലവിലെ ശ്രമം. കവര്‍ച്ചക്കെത്തിയവരുടെ കൃത്യത്തിന് മുമ്പുളള ദൃശ്യങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്.

ബൈക്കിലെത്തിയ രണ്ടുപേരില്‍ മുണ്ടാണ് ഉടുത്തിരുന്നത്. ബൈക്കില്‍ ചാരിനിന്ന് മദ്യം കഴിക്കുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. സ്വര്‍ണ്ണം കൊണ്ടുവന്ന കാറിന്റെ ചില്ലുകള്‍ അടിച്ചുടച്ചശേഷം യാതൊരു പരിഭ്രമവും കാണിക്കാതെയാണ് ഇവര്‍ സ്വര്‍ണം അടങ്ങിയ പെട്ടിയുമായി ബൈക്കില്‍ രക്ഷപ്പെട്ടത്.

വാഹനം ആക്രമിക്കുമ്പോള്‍ മലയാളത്തില്‍ ഇവര്‍ സംസാരിച്ചതെന്ന് എടയാറിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൃത്യത്തിലെ ആസൂത്രണവും സാഹചര്യവും പരിശോധിക്കുമ്പോള്‍ സ്വര്‍ണ്ണം കൊണ്ടുപോകുന്നത് സംബന്ധിച്ച് വ്യക്തമായ മുന്നറിവുളളവരാണ് കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

Exit mobile version