കേരളബാങ്കിനെക്കുറിച്ച് പഠിക്കാന്‍ പഞ്ചാബില്‍ നിന്നും അഞ്ചംഗ സംഘം; സന്ദര്‍ശനം കേരളബാങ്കിന് അംഗീകാരം നല്‍കരുതെന്ന പ്രചാരണം നടക്കുന്നതിനിടെ

പഞ്ചാബ് സഹകരണ ബാങ്ക് രജിസ്ട്രാര്‍ വികാസ് ഗാര്‍ഖ് , പഞ്ചാബ് സഹകരണ ബാങ്ക് എംഡി ഡോ. ബി കെ ബാട്ടിഷ് എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കി

തിരുവനന്തപുരം: കേരളബാങ്കിനായി നടത്തിയ മുന്നൊരുക്കങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും മനസിലാക്കാനായി പഞ്ചാബില്‍ നിന്നും അഞ്ചംഗസംഘമെത്തി. കേരളത്തെപ്പോലെ പഞ്ചാബും സ്വന്തമായി ബാങ്ക് രൂപീകരിക്കുന്നതിന് നടപടികളാരംഭിച്ചിരുന്നു. എന്നാല്‍, മുന്നോട്ടുപോകാനായില്ല. ഇതിനിടെയാണ് കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചത്. ഇതേതുടര്‍ന്നാണ് കേരളബാങ്കിനെക്കുറിച്ച് പഠിക്കാനായി കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ നിന്നും സംഘം എത്തിയത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള ബാങ്കിന് അംഗീകാരം നല്‍കരുതെന്നാവശ്യപ്പെട്ട് കേരളത്തില്‍ പ്രചാരണം നടക്കുന്നതിനിടെയാണ് പഞ്ചാബിലെ സഹകരണ രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കേരളത്തിലെത്തിയത്.
പഞ്ചാബ് സഹകരണ ബാങ്ക് രജിസ്ട്രാര്‍ വികാസ് ഗാര്‍ഖ് , പഞ്ചാബ് സഹകരണ ബാങ്ക് എംഡി ഡോ. ബി കെ ബാട്ടിഷ് എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, രജിസ്ട്രാര്‍ എസ് ഷാനവാസ്, സഹകരണ സെക്രട്ടറി മിനി ആന്റണി എന്നിവരുമായും സംഘം ചര്‍ച്ചനടത്തി.

കേരളത്തിന്റെ മാതൃകയില്‍ ടു ടയര്‍ സംവിധാനത്തിലേക്ക് മാറ്റാനാണ് പഞ്ചാബും ശ്രമിക്കുന്നതെന്ന് സംഘം പറഞ്ഞു. വിവിധ ജില്ലാസഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംഘം സന്ദര്‍ശിച്ചു.

Exit mobile version