തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നു; ജില്ലാ കളക്ടറുടെ തിടുക്കവും സംശയാസ്പദം; വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

അതേസമയം തെച്ചിക്കോട്ടുകാവ് രാമചപന്ദ്രപനെ തൃശ്ശൂര്‍ പൂരത്തിന് ഇറക്കുമോ എന്ന കാര്യത്തില്‍ ഇന്ന് ഹൈക്കോടതി തീരുമാനം അറിയിക്കും.

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തിന്റെ തുടര്‍ച്ചയാണെന്ന് സംശയിക്കുന്നതായും കെ സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം ഇക്കാര്യത്തിലെ ജില്ലാ കളക്ടറുടെ തിടുക്കവും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും നേതാവ് പറയുന്നു.

‘കഴിഞ്ഞ കുറച്ചുകാലങ്ങളായി തൃശ്ശൂര്‍ പൂരത്തിനെതിരെ നടക്കുന്ന ചില കളികളുടെ ഭാഗമാണോ ഇത്തരം നീക്കങ്ങളെന്ന് സംശയിക്കേണ്ടതുണ്ട്. നാട്ടിലെ നിയമലംഘനത്തില്‍ ഇടപെടാത്ത ജില്ലാ കളക്ടര്‍ ഈ വിഷയത്തില്‍ കാണിക്കുന്ന തിടുക്കം സംശയാസ്പദമാണ്’ കെ സുരേന്ദ്രന്‍ പറയുന്നു. പൂരത്തിനായി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആവശ്യമുള്ളത്.

എന്നിട്ടും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂരത്തിന് ഇറക്കുമോ എന്ന കാര്യത്തില്‍ ഇന്ന് ഹൈക്കോടതി തീരുമാനം അറിയിക്കും. എന്ത് തന്നെയായാലും ആ തീരുമാനം നടപ്പിലാക്കുമെന്നും കളക്ടര്‍ അനുപമയും അറിയിച്ചിട്ടുണ്ട്.

Exit mobile version