തൃശ്ശൂരില്‍ ഹോട്ടലുകളിലും ബേക്കറികളിലും വ്യാപക പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു, പത്ത് കടകള്‍ക്ക് നോട്ടീസ്

ഹോട്ടലുകളില്‍ നിന്ന് ചില്ലി ചിക്കന്‍, ചില്ലി ഗോബി, ബിരിയാണി, ഫിഷ് ഫ്രൈ എന്നിവയില്‍ രാസനിറങ്ങള്‍ ചേര്‍ത്തതായാണ് കണ്ടെത്തിയത്

തൃശ്ശൂര്‍: തൃശ്ശൂരില്‍ പൂരത്തിനു മുന്നോടിയായി നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. പരിശോധനയില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടലുകളില്‍ നിന്ന് ചില്ലി ചിക്കന്‍, ചില്ലി ഗോബി, ബിരിയാണി, ഫിഷ് ഫ്രൈ എന്നിവയില്‍ രാസനിറങ്ങള്‍ ചേര്‍ത്തതായാണ് കണ്ടെത്തിയത്.

തീയതി എഴുതാതെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന മീന്‍, ഇറച്ചി എന്നിവയും കണ്ടെത്തിയിട്ടുണ്ട്. 10 കടകള്‍ക്കു നോട്ടീസ് നല്‍കി. കളക്ടറുടെ നിര്‍ദേശപ്രകാരമാണ് ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടത്തിയത്. ജില്ലയില്‍ 37 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ 10 സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം ഫ്രീസറുകളില്‍ സൂക്ഷിച്ചു വീണ്ടും ചൂടാക്കി നല്‍കുന്നതായി കണ്ടെത്തിയത്.

Exit mobile version