തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ ഉണ്ടാക്കുന്ന ദുരന്തം ചെറുതല്ല

പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാവുമോ ഇല്ലയോ എന്ന ആശങ്കയിലാണ് പൂര പ്രേമികള്‍. ആനയുടെ വ്യാജമായ രേഖകള്‍ കാണിച്ച് ഇറക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നിന്ന് വളരെ വിപുലമായി നടക്കുന്നുണ്ട്. അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്ക് രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ മനസ്സിലായിട്ടുണ്ട്.

കാലാകാലങ്ങളായി ആനയുടെ കാര്യത്തില്‍ കര്‍ശനമായ നിര്‍ദേശം ഉണ്ടെങ്കിലും പല പാപ്പാന്‍ന്മാരും അത് പാലിക്കുന്നില്ല എന്നതാണ് വാസ്തവം. ഇവിടെയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനന്‍ എന്ന ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതേസമയം പ്രായമേറിയതിനാല്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കാഴ്ചശക്തി കുറവാണ്. ആയതിനാല്‍ എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാറുള്ളത്. ഇത്രമേല്‍ സുരക്ഷയുണ്ടെങ്കില്‍ പോലും പലപ്പോഴും ആന അക്രമാസക്തമാവുന്നുണ്ട്.

മാത്രമല്ല രാമചന്ദ്രന്റെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ വിളിച്ച് വരുത്തുന്ന ദുരന്തം ചെറുതല്ല,
13 പേരെ രാമചന്ദ്രന്‍ കൊലപ്പെടുത്തി എന്നാണ് പറയപ്പെടുന്നത് എന്നാല്‍ ഇതിന് കൃത്യമായ കണക്കില്ല.
മനുഷ്യന്‍ന്മാരെ കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരന്‍, കൂനത്തൂര്‍ കേശവന്‍ എന്നീ നാട്ടാനകളെയും കുത്തി കൊലപ്പെടുത്തിയിട്ടുമുണ്ട്. തുടര്‍ന്ന് 2019 ല്‍ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആനയുടമകള്‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

ഇത്രയും അപകടകാരിയായ ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശ്ശൂര്‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നള്ളിച്ചാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. തിങ്ങി നിറഞ്ഞു നില്‍ക്കുന്ന പൂരപറമ്പില്‍ ആനയുടെ ഒരു അനക്കമോ പിണക്കമോ വലിയ ദുരന്തമാണ് വിളിച്ച് വരുത്തുന്നത്. ഈ ആനയെ സംബന്ധിച്ച് വിദഗ്ധരായ ആളുകള്‍ ഉള്‍പ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇതിനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്.

ഈ ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കാണ്. ഇക്കാര്യത്തില്‍ കേവലം ആവേശ പ്രകടനങ്ങള്‍ക്കല്ല ജന നന്മ ലക്ഷ്യമാക്കി, ജനങ്ങള്‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു നടപ്പാക്കുന്നത്. ഈ വിഷയം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നള്ളിച്ച് കോടികള്‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അല്‍പ്പവും വില കല്‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍.

Exit mobile version