തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആരോഗ്യവാനോ..? തീരുമാനം ഇന്ന്

ആനകളെ വിട്ടു നല്‍കുമെന്ന് ആനഉടമകളും അറിയിച്ചതോടെയാണ് തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പിനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആരോഗ്യവാനാണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വിലക്കുകള്‍ എല്ലാം നിയമപരമായി നേരിട്ട് ഒടുവില്‍ വിജയം കണ്ട ശേഷമാണ് രാമചന്ദ്രനെ കളത്തിലിറക്കുവാന്‍ അനുമതിയായത്. ഇന്ന് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധിക്കും. ഫിറ്റ്‌നെസ് ഉറപ്പാക്കിയ ശേഷം മാത്രമെ പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ടിവി അനുപമയും അറിയിച്ചു.

ആനകളെ വിട്ടു നല്‍കുമെന്ന് ആനഉടമകളും അറിയിച്ചതോടെയാണ് തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് പരിഹാരമായത്. കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ നാട്ടാന മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനം അറിയിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം. ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. ആനയ്ക്ക് നേരത്തെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉളളതിനാല്‍ പുതിയ പരിശോധന വെറും സാങ്കേതികത്വം മാത്രമാകും.

Exit mobile version