പൂരപ്രേമികള്‍ക്ക് ആവേശം പകരാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും; എഴുന്നള്ളിക്കാന്‍ അനുമതിയായി

തൃശ്ശൂര്‍: ആനപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരം ഒഴികെയുള്ള ഉത്സവങ്ങളില്‍ എഴുന്നള്ളിക്കാന്‍ അനുമതി. കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.

എഴുന്നള്ളിപ്പ് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാകണം. ആനയെ ആഴ്ചയില്‍ രണ്ടുതവണ മാത്രമെ എഴുന്നള്ളിക്കാന്‍ പാടുള്ളു. നാലു പാപ്പാന്മാര്‍ കൂടെ വേണം എന്നിവയാണ് അനുമതി നല്‍കിയതിനൊപ്പം അധികൃതര്‍ മുന്നോട്ടുവെച്ച് നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ.

ജനങ്ങളില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലം പാലിക്കണം. പ്രത്യേക എലഫന്റ് സ്‌ക്വാഡ് എല്ലാ എഴുന്നള്ളിപ്പിനും ഉണ്ടാകണം എന്നിവയും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ജില്ലാഭരണകൂടം അനുമതി നല്‍കിയത്. ആന ഉടമ എന്ന നിലയില്‍ രാമചന്ദ്രന്റെ എഴുന്നള്ളിപ്പു സമയത്തെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്തം തെച്ചിക്കോട്ടുകാവ് ദേവസ്വത്തിനായിരിക്കുമെന്നും കളക്ടര്‍ നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും ഇടതു കണ്ണിന്റേത് ഭാഗികമായും നഷ്ടമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഡോക്ടര്‍മാര്‍ പരിശോധിക്കാതെ എഴുന്നള്ളത്തിന് എത്തിക്കരുതെന്ന് മൃഗസംരക്ഷണ ഡയറക്ടര്‍ കര്‍ശന ഉത്തരവ് നല്‍കിയിട്ടുണ്ട്.

2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂര്‍ നേരത്തേക്ക് നിബന്ധനകളോടെ എഴുന്നള്ളിച്ചിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാമെന്ന നാട്ടാന നിരീക്ഷണ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിലക്ക് ഭാഗികമായി നീക്കിയത്.

‘ഏകഛത്രാധിപതി’ പട്ടം നേടിയ സംസ്ഥാനത്തെ ഏക ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 13 പേരെ കൊലപ്പെടുത്തിയെന്ന കുപ്രസിദ്ധിക്കിടയിലും നിരവധി ആരാധകരാണ് രാമചന്ദ്രനുള്ളത്. 2019 മെയ് മാസത്തില്‍ തൃശൂരില്‍ രണ്ടു പേരെ കൊലപ്പെടുത്തിയതോടെയാണ് ഈ ഗജരാജന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. കൊലക്കേസില്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ ആദ്യ ആന എന്ന റെക്കോഡും തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ പേരിലാണ്.

സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. 317 സെന്റീമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടലിന് 340 സെന്റീമീറ്ററോളം നീളമുണ്ട്. ലക്ഷണമൊത്ത 18 നഖവും നിലംമുട്ടുന്ന തുമ്പിക്കൈയ്യുമൊക്കെയാണ് രാമചന്ദ്രനെ ഗജരാജനാക്കിയത്. 2011 മുതല്‍ തൃശൂര്‍ പൂരത്തിലെ പ്രധാനചടങ്ങായ തെക്കേ ഗോപുരവാതില്‍ തള്ളിത്തുറക്കുന്നതും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ്.

Exit mobile version