പൂര ലഹരിയില്‍ തൃശ്ശൂര്‍; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തുറന്നു

കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കും നാഥ ക്ഷേത്രത്തിലെത്തി തെക്കോട്ടിറക്ക ചടങ്ങ് നടത്തിയത്.

തൃശ്ശൂര്‍: നാളുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ കര്‍ശന ഉപാധികളോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കി തൃശ്ശൂര്‍ പൂരം വിളംബര ചടങ്ങ് നടന്നു. കര്‍ശന ഉപാധികളോടെയായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വടക്കും നാഥ ക്ഷേത്രത്തിലെത്തി തെക്കോട്ടിറക്ക ചടങ്ങ് നടത്തിയത്.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്നലെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാനുള്ള അനുമതി ലഭിച്ചത്. ഒരു മണിക്കൂര്‍ നേരത്തേക്ക് ആനയെ എഴുന്നെള്ളിക്കാന്‍ മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നത്. നെയ്തലക്കാവില്‍ നിന്ന് തിടമ്പുമായി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിയെത്തുന്ന പതിവിന് വിപരീതമായാണ് ഇത്തവണ ചടങ്ങുകള്‍ നടന്നത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ലോറിയിലാണ് തേക്കിന്‍കാട് മൈതാനത്ത് എത്തിച്ചത്. നെയ്തലക്കാവില്‍ നിന്ന് തിടമ്പുമായി ദേവീ ദാസനെന്ന ആന തേക്കിന്‍കാട് മൈതാനത്തെത്തുകയും മണികണ്ഠനാല്‍ പരിസരത്തു നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൈമാറുകയും ചെയ്തു.

തുടര്‍ന്ന് വടക്കുംനാഥനെ വലംവച്ച് അനുവാദം വാങ്ങുന്ന ആചാരത്തിന് ശേഷം തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പുറത്തെത്തി. ഇതോടെ തൃശ്ശൂര്‍ പൂരത്തിന് തുടക്കമായി.

Exit mobile version