ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

മദ്യ ലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം

കൊച്ചി: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കളമശ്ശേരിയിലാണ് സംഭവം.ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും മകനെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

സജിയുടെ ഭാര്യ ബിന്ദുവിന്റെ അമ്മയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവര്‍ കളമശ്ശേരി ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ടുമണിയോടെ കൊച്ചിന്‍ സര്‍വകലാശാലയ്ക്ക് സമീപമാണ് സംഭവം. ബിന്ദുവും ഒന്നര വയസ്സുള്ള മകനും ഉറങ്ങി കിടക്കുമ്പോള്‍ സജി ഇവരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം ഇയാള്‍ ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. ആനന്ദവല്ലിയ്ക്ക് അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.മദ്യ ലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version