കള്ളവോട്ടിനെ ലീഗ് ഒരിക്കലും അംഗീകരിക്കില്ല; മുസ്ലീം ലീഗുകാര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: കള്ളവോട്ടിനെ ലീഗ് ഒരിക്കലും അംഗീകരിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. കാസര്‍കോഡ് മണ്ഡലത്തില്‍ മുസ്ലീം ലീഗുകാര്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം സിപിഎം നടത്തിയ കള്ളവോട്ട് മറച്ച് വയ്ക്കാനാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കല്യാശേരിയില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചതോടെയാണ് പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി രംഗത്ത് വന്നത്.

കാസര്‍കോട് 3 ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. മുഹമ്മദ് ഫയസ് , കെഎം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് ടിക്കാറാം മീണ വ്യക്തമാക്കിയത്. കല്യാശേരിയില്‍ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. 4 പേര്‍ കള്ളവോട്ട് ചെയ്‌തെന്നാണ് പരാതി, ഒരാള്‍ കള്ളവോട്ട് ചെയ്തില്ലെന്ന് കണ്ടെത്തിയതായും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Exit mobile version