ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിന്റെ കേസ് പാതിവഴിയില്‍; പ്രതിയെ പിടികൂടാനാകാതെ പോലീസ്

ശാലു മരിച്ച് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ഷാലുവിന്റെ കേസ് പാതിവഴിയില്‍. ശാലു മരിച്ച് ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല. നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ഏപ്രില്‍ ഒന്നിനാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ട്രാന്‍സ്‌ജെന്‍ഡര്‍ ഷാലുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ടയാളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടില്‍ വിട്ടയച്ചു.

സംഭവ ദിവസം ഇയാള്‍ കോഴിക്കോട് ഇല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിലും കാര്യമായ തെളിവുകള്‍ കിട്ടിയില്ല. തനിക്ക് നേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് കൊലപാതകത്തിന് തലേദിവസം ഷാലു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സംശയമുള്ളവരുടെ പേരുകളടക്കം സുഹൃത്തുക്കള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

സംഭവസ്ഥലത്ത് നിന്ന് കൂടുതല്‍ സിസിടിവി ദൃശ്യങ്ങളടക്കം തെളിവുകള്‍ കിട്ടിയെന്നും പിന്നീട് പൊലീസ് വ്യക്തമാക്കിയതാണ്. പക്ഷെ കേസ് അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.

Exit mobile version