എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം; കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി നടപ്പാക്കേണ്ട സമയ പരിധി നാളെ അവസാനിക്കാനിരിക്കേയാണ് അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ പോയിരിക്കുന്നത്.

കെഎസ്ആര്‍ടിസിയിലെ 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരെ ഏപ്രില്‍ 30-നകം പിരിച്ചുവിണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എംപാനല്‍ ജീവനക്കാരായ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ്എസി റാങ്ക് ലിസ്റ്റില്‍ നിന്ന് അടിയന്തിരമായി നിയമനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി.

താല്‍ക്കാലിക നിയമനത്തിന് അധികാരം ഉണ്ടെന്നും കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍ സ്ഥിരം ജീവനക്കാര്‍ അല്ലെന്നും, സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പരിഗണിക്കാനായി നിയമിച്ച സമിതി ബസ്-ജീവനക്കാര്‍ അനുപാതം പുതുക്കി നിശ്ചയിക്കും എന്നും കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനാല്‍ വിധി നടപ്പാക്കാനുള്ള സമയപരിധി നീട്ടണമെന്ന് അടുത്ത ദിവസം ഹൈക്കോടതിയിലും കെഎസ്ആര്‍ടിസി ആവശ്യപ്പെടും.

Exit mobile version