വ്യാജരേഖ ചമച്ച കേസില്‍ വഴിത്തിരിവ്: ആ അക്കൗണ്ട് വിവരങ്ങള്‍ വ്യാജം; മാര്‍ ആലഞ്ചേരിക്ക് രഹസ്യ അക്കൗണ്ടില്ലെന്ന് പോലീസ്

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട ബാങ്ക് രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞു.

കോട്ടയം: വ്യാജരേഖ ചമച്ചുവെന്ന കേസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട ബാങ്ക് രേഖകള്‍ വ്യാജമെന്ന് തെളിഞ്ഞു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിന്റെ അക്കൗണ്ടിലൂടെ രഹസ്യ ഇടപാടുകള്‍ നടന്നുവെന്നായിരുന്നു ആരോപണമുയര്‍ന്നത്. എന്നാല്‍, തനിക്ക് ഇങ്ങനെയൊരു അക്കൗണ്ടില്ലെന്നായിരുന്നു കര്‍ദിനാളിന്റെ വാദം. ഇത് ശരിയാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

നേരത്തെ, ഫാദര്‍ പോള്‍ തേലക്കാട്ടാണ് സിനഡിന് മുമ്പാകെ ഈ രേഖകള്‍ സമര്‍പ്പിച്ചിരുന്നത്. ഇത് സഭയ്ക്കുള്ളില്‍ വലിയ വിവാദത്തിന് വഴി വച്ചിരുന്നു. ഈ രേഖകള്‍ വ്യാജമെന്ന് ചൂണ്ടിക്കാട്ടി സഭയുടെ ഐടി വിഭാഗം വഴി പോലീസില്‍ പിന്നീട് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ്, കര്‍ദിനാളിന്റെയും പരാതിക്കാരനായ ഫാദര്‍ ജോബി മാപ്രക്കാവിലിന്റെയും മൊഴി രേഖപ്പെടുത്തി. വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെയും ഫാദര്‍ പോള്‍ തേലക്കാട്ടിനെയും പ്രതിചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version