കാസര്‍കോട് കള്ളവോട്ട് ആരോപണം; കുറ്റംതെളിഞ്ഞാല്‍ കര്‍ശന നടപടിയെന്ന് ടിക്കാറാം മീണ; കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവായി കോണ്‍ഗ്രസ് വീഡിയോ പുറത്ത് വിട്ട സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

ആരോപണം ശരിയെങ്കില്‍ അത് ഏറെ ഗൗരവമുള്ള കാര്യമാണെന്നും ടിക്കാറാം മീണ പറഞ്ഞു. ദൃശ്യത്തിന്റെ ഉറവിടവും വിശ്വാസ്യതയും കള്ളവോട്ട് ചെയ്‌തെന്ന് പുറത്ത് വന്ന വിവരങ്ങള്‍ സംബന്ധിച്ചും സമഗ്രമായി അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ടിക്കാറാം മീണ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച സംഭവിച്ചോ എന്നു പരിശോധിക്കും. ഉദ്യോഗസ്ഥര്‍ അറിയാതെ കള്ള വോട്ട് നടക്കാന്‍ സാധ്യത ഇല്ല. ഇന്ന് തന്നെ റിപ്പോര്‍ട്ട് കിട്ടണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ടിക്കാറാം മീണ പറഞ്ഞു. കള്ള വോട്ട് നടന്ന ബൂത്തില്‍ ഉണ്ടായിരുന്ന ബൂത്ത് ഏജന്റുമാരും കുറ്റക്കാരാകും.

കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് ആരോപണം.

Exit mobile version