ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഒന്നിലേറെ വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസ് എടുക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദ്ദേശം.

ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫിസര്‍മാര്‍ക്കും കൈമാറും. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ബൂത്തില്‍ വോട്ടിനു മുമ്പ് സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദ്ദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

നാല് ലക്ഷത്തി മുപ്പതിതനാലായിരം ഇരട്ട വോട്ടുകളുണ്ടെന്നാണ് ചെന്നിത്തല വൈബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, 38586 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

Exit mobile version