ശ്രീധരന്‍പിള്ളയ്ക്ക് ഇത് നിര്‍ണായകം; കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നില്ലെങ്കില്‍ പദവി തെറിക്കും

ശബരിമല അടക്കമുള്ള വിഷയങ്ങള്‍ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ നേതൃത്വം നല്‍കുന്നതില്‍ ശ്രീധരന്‍പിള്ള പരാജയം ആണെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെയും ആര്‍എസ്എസ് കേന്ദ്രങ്ങളുടെയും പ്രാഥമിക വിലയിരുത്തല്‍

തിരുവനന്തപുരം: കേരളത്തില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള അടക്കമുള്ള പല നേതാക്കളുടെയും സ്ഥാനം തെറിക്കും. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ നേതൃത്വം നല്‍കുന്നതില്‍ ശ്രീധരന്‍പിള്ള പരാജയം ആണെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെയും ആര്‍എസ്എസ് കേന്ദ്രങ്ങളുടെയും പ്രാഥമിക വിലയിരുത്തല്‍.

പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവസാന സമയം വരെ ശ്രീധരന്‍പിള്ള നടത്തിയ ശ്രമങ്ങളും അത് നടക്കാതെ വന്നപ്പോള്‍ എന്‍എസ്എസ് നേതൃത്വവുമായി ചേര്‍ന്ന് നടത്തിയ നീക്കങ്ങളും നേതൃത്വത്തിന്റെ അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തെരഞ്ഞെടുപ്പ് സമയത്ത് പല സ്ഥലങ്ങളിലും ബിജെപി നിര്‍ജീവമായിരുന്നു എന്നും കേന്ദ്ര നേതൃത്വത്തെ ബിജെപിയിലെ തന്നെ സംസ്ഥാന നേതൃത്വത്തിലെ ശ്രീധരന്‍പിള്ളയുടെ എതിര്‍പക്ഷം അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ടയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആണ് കൂടുതലും കേന്ദ്രീകരിച്ചത്. ഇവര്‍ തെരഞ്ഞെടുപ്പിന്റെ തലേ ദിവസം കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് പോയപ്പോള്‍ പകരം സംവിധാനം കണ്ടെത്താന്‍ ശ്രീധരന്‍പിള്ളക്ക് കഴിഞ്ഞില്ലെന്നും, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാസങ്ങളായി തിരുവനന്തപുരത്ത് നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ പിന്തുണ നല്‍കാന്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് തെരഞ്ഞെടുപ്പ് സമയത്ത് കഴിഞ്ഞില്ലെന്നും എതിര്‍പക്ഷം ശ്രീധരന്‍പിള്ളക്കെതിരെ ഉന്നയിക്കുന്ന പരാതിയാണ്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിന് കേന്ദ്ര നേതൃത്വം രഹസ്യമായി നിയോഗിച്ചിട്ടുള്ള സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടി ഉണ്ടാവുക. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിക്കുമെന്നും, തൃശ്ശൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് എത്തുമെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. കോട്ടയത്തും ആറ്റിങ്ങലും നല്ല മത്സരം കാഴ്ചവെക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Exit mobile version