കണ്ടതും ശീലിച്ചതും ഇഷ്ടപ്പെട്ടതുമെല്ലാം മറന്ന് മറ്റൊരു ജീവിതത്തിലേക്ക്…ഒരു പോലീസ് ട്രെയിനിങ് അപാരത അഥവാ ഒരാള്‍ പോലീസ് ആകുന്ന കഥ

തിരുവനന്തപുരം: കുഞ്ഞും നാളില്‍ കള്ളനും പോലീസും കളിക്കുമ്പോള്‍ എന്നും പോലീസാകാനായിരുന്നു ഏവരും ആഗ്രഹിച്ചിരുന്നത്. ആഗ്രഹത്തോടൊപ്പം കഠിനപ്രയത്‌നവും പരീക്ഷകളും നിരവധി കടമ്പകളും താണ്ടിയാണ് ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാകുന്നത് ആ കഥ പറയുകയാണ് കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ.

പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങള്‍, കേരള നവോത്ഥാനം, ജനറല്‍ ഇംഗ്ലീഷ്, ലഘുഗണിതം, മാനസികശേഷി പരിശോധന തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ട പിഎസ്‌സി പരീക്ഷയെഴുതി ആകാംക്ഷയോടെ കാത്തിരിപ്പാണ് ഷോര്‍ട് ലിസ്റ്റില്‍ ഉള്‍പ്പെടുമോ എന്നതാണ് ആദ്യ ഘട്ടമെന്ന് പോലീസ് പറയുന്നു.

അതിന് ശേഷം കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും ഇതൊക്കെ കടക്കണം. കായികക്ഷമതയില്‍ വിജയിച്ച ശേഷം അഡൈ്വസ് മെമ്മോ ലഭിക്കും. തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന. ഇത് പൂര്‍ത്തിയായതിനു ശേഷം ട്രെയിനിങിനുള്ള അറിയിപ്പ് ലഭിക്കും.

ത്യാഗസന്നദ്ധമായ, കര്‍മ്മനിരതമായ, സേവനസന്നദ്ധമായ പുതിയജീവിതത്തിലേക്കുള്ള അവസ്ഥാന്തരമാണ് പോലീസ് പരിശീലനകാലത്തിലൂടെ ഓരോ ട്രെയിനിക്കും സംഭവിക്കുന്നത്. ഏതു അവസ്ഥയുമായി പൊരുത്തപ്പെടാനും അതിജീവിക്കാനുമുള്ള കരുത്തു പകര്‍ന്നുതരുന്ന കഠിനമായ പരിശീലന മുറകള്‍ പുത്തന്‍ അനുഭവങ്ങളാകും.

ഒമ്പതു മാസത്തെ പരിശീലന കാലയളവില്‍ പരേഡ്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രില്‍, വിവിധയിനം തോക്കുകള്‍ ഉപയോഗിച്ചുള്ള ഫയറിംഗ്, ഫീല്‍ഡ് ക്രാഫ്റ്റ് ആന്‍ഡ് ടാക്ടിക് എന്നിവക്ക് പുറമേ ഡ്രൈവിംഗ് നീന്തല്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ്, യോഗ, കമ്പ്യൂട്ടര്‍, ഫയര്‍ ഫൈറ്റിങ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് , പ്രഥമശുശ്രുഷ, ട്രാഫിക് റൂള്‍സ് ആന്‍ഡ് സിഗ്‌നല്‍, സിആര്‍പിസി, ഐപിസി, എവിഡന്‍സ് ആക്ട്, ഇന്ത്യന്‍ ഭരണ ഘടന, മൈനര്‍ ആക്ടുകള്‍, ശാസ്ത്രീയ കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളിലും വിദഗ്ധ പരിശീലനം നേടുകയും പരീക്ഷകള്‍ പാസാവുകയും വേണം.

സ്വപ്നം യാഥാര്‍ഥ്യമാകുന്ന ദിവസമാണ് പാസിംഗ് ഔട്ട് ദിനം. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിനം,പോലീസ് മുദ്രയണിഞ്ഞു, പ്രതിജ്ഞചൊല്ലി, കര്‍മ്മപഥത്തിലേക്ക് ചുവട് വയ്ക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ് പാസിംഗ് ഔട്ട് പരേഡ് എന്ന് പോലീസ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഒരു പോലീസ് ട്രെയിനിങ് അപാരത @ ഒരാള്‍ പോലീസ് ആകുന്ന കഥ

കുഞ്ഞും നാളില്‍ കള്ളനും പോലീസും കളിക്കുമ്പോള്‍ എന്നും പോലീസാകാനായിരുന്നു ഏവരും ആഗ്രഹിച്ചിരുന്നത്. ബാല്യത്തില്‍ നിന്നും യൗവനത്തിലേക്കു കടക്കുമ്പോള്‍ ജോലിനേടണമെന്ന മോഹത്തോടൊപ്പം കാക്കിയണിഞ്ഞു നീതിപാലകനാകാനുള്ള ആഗ്രഹം ഉള്ളില്‍ സൂക്ഷിക്കുന്നവരുമുണ്ട്.

ആഗ്രഹത്തോടൊപ്പം കഠിനപ്രയത്‌നവും പരീക്ഷകളും നിരവധി കടമ്പകളും താണ്ടിയാണ് ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാകുന്നത്. പൊതുവിജ്ഞാനം. ആനുകാലിക സംഭവങ്ങള്‍, കേരള നവോത്ഥാനം, ജനറല്‍ ഇംഗ്ലീഷ്, ലഘുഗണിതം, മാനസികശേഷി പരിശോധന തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ട  പരീക്ഷയെഴുതി ആകാംക്ഷയോടെ കാത്തിരിപ്പാണ് ഷോര്‍ട് ലിസ്റ്റില്‍ ഉള്‍പ്പെടുമോ എന്നറിയാന്‍. പക്ഷെ വീണ്ടും കടമ്പകള്‍ കടക്കണം.

കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും… അതാണ് അടുത്ത വെല്ലുവിളി. 100 മീറ്റര്‍ ഓട്ടം : 14 second, High Jump: 1.33 m, Long Jump: 4.60m, ഷോട് പുട്ട് ,റോപ് ക്ലൈമ്പിങ്, ക്രിക്കറ്റ് ബോള്‍ ത്രോ, ചിന്നിങ്/പുള്‍ അപ്‌സ്, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളാണ് കായികക്ഷമതാ പരീക്ഷയിലുള്ളത്. ഇതില്‍ അഞ്ചെണ്ണത്തിലും ശാരീരിക അളവെടുപ്പിലും വിജയിച്ചാലാണ് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റുക..

കായികക്ഷമതയില്‍ വിജയിച്ച ശേഷം അഡൈ്വസ് മെമ്മോ ലഭിക്കും. തുടര്‍ന്നാണ് മെഡിക്കല്‍ പരിശോധന. ശാരീരികവൈകല്യങ്ങളും, കാഴ്ചശേഷി തിരിച്ചറിയുന്നതിനുo വേണ്ടിയാണ് ഈ പരിശോധന. ഇത് പൂര്‍ത്തിയായതിനു ശേഷം ട്രെയിനിങിനുള്ള അറിയിപ്പ് ലഭിക്കും.

ഒരു വ്യക്തിയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥനിലേക്കുള്ള പരിണാമാവസ്ഥയാണ് പോലീസ് ക്യാമ്പിലെ പരിശീലനകാലം. അതുവരെ കണ്ടതും ശീലിച്ചതും ഇഷ്ടപ്പെട്ടതുമെല്ലാം മറന്നു മറ്റൊരു ജീവിതത്തിലേക്ക്.. ത്യാഗസന്നദ്ധമായ, കര്‍മ്മനിരതമായ, സേവനസന്നദ്ധമായ പുതിയജീവിതത്തിലേക്കുള്ള അവസ്ഥാന്തരമാണ് പോലീസ് പരിശീലനകാലത്തിലൂടെ ഓരോ ട്രെയിനിക്കും സംഭവിക്കുന്നത്. പേരുകള്‍ക്കു പകരം വെള്ള കുപ്പായത്തിലെ ആ നമ്പറുകളാണ് പിന്നെ ഓരോരുത്തരുടെയും മേല്‍വിലാസം. നിക്കറും ബനിയനും ആദ്യയൂണിഫോം ആയി അണിഞ്ഞു തുടങ്ങും. പിന്നെ ബൂട്ടണിഞ്ഞ കാലുകള്‍ ആജ്ഞകള്‍ക്കനുസരിച്ചു ഇടതും വലതും വേഗത്തിലും പതിയെയും ഒരേ താളത്തില്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കും.

ഏതു അവസ്ഥയുമായി പൊരുത്തപ്പെടാനും അതിജീവിക്കാനുമുള്ള കരുത്തു പകര്‍ന്നുതരുന്ന കഠിനമായ പരിശീലന മുറകള്‍ പുത്തന്‍ അനുഭവങ്ങളാകും.. ഗൃഹാതുരമായ ഓര്‍മ്മകളും നൊമ്പരങ്ങളും വിരഹവുമൊക്കെ ഉള്ളിലൊതുക്കി ദിനങ്ങളെണ്ണി തുടങ്ങും..

ഒമ്പതു മാസത്തെ പരിശീലന കാലയളവില്‍ പരേഡ്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രില്‍, വിവിധയിനം തോക്കുകള്‍ ഉപയോഗിച്ചുള്ള ഫയറിംഗ്, ഫീല്‍ഡ് ക്രാഫ്റ്റ് ആന്‍ഡ് ടാക്ടിക് എന്നിവക്ക് പുറമേ ഡ്രൈവിംഗ് നീന്തല്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ്, യോഗ, കമ്പ്യൂട്ടര്‍, ഫയര്‍ ഫൈറ്റിങ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് , പ്രഥമശുശ്രുഷ, ട്രാഫിക് റൂള്‍സ് ആന്‍ഡ് സിഗ്‌നല്‍, സി.ആര്‍.പി.സി., ഐ.പി.സി, എവിഡന്‍സ് ആക്ട്, ഇന്ത്യന്‍ ഭരണ ഘടന, മൈനര്‍ ആക്ടുകള്‍, ശാസ്ത്രീയ കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളിലും വിദഗ്ധ പരിശീലനം നേടുകയും പരീക്ഷകള്‍ പാസാവുകയും വേണം. ഒരു പൊലിസുകാരനിലേക്കുള്ള രൂപമാറ്റം ധാരാളം അറിവുകളും അനുഭവങ്ങളും കൂടി ആര്‍ജിച്ചാണ് സാധ്യമാകുന്നത്.

ട്രെയിനിംഗ് ദിനങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പിനൊടുവില്‍ പോലീസ് സേനയിലെ അംഗമാവുകയെന്ന വലിയ സ്വപ്നം യാഥാര്‍ഥ്യമാകുന്ന ദിവസമാണ് പാസിംഗ് ഔട്ട് ദിനം. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിനം…പോലീസ് മുദ്രയണിഞ്ഞു, പ്രതിജ്ഞചൊല്ലി, കര്‍മ്മപഥത്തിലേക്ക് ചുവട് വയ്ക്കുന്ന അവിസ്മരണീയ മുഹൂര്‍ത്തമാണ് പാസിംഗ് ഔട്ട് പരേഡ്…’

Exit mobile version