യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവ്; മനുഷ്യാവകാശ കമ്മീഷന്‍ സുരേഷ് കല്ലടയെ വിളിച്ചു വരുത്തും

ബസ് ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകണം.

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവ്. അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. എറണാകുളം ജില്ലാ പോലീസ് മേധാവി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ബസ് ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകണം.

കല്ലട ബസ് യാത്രക്കാരായ മൂന്ന് യുവാക്കളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആര്‍ടി ഓഫീസിലും നിയമിക്കാന്‍ ഗതാഗത കമ്മീഷണര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്‌ക്വാഡ് രൂപീകരിക്കും. ഈ സ്‌ക്വാഡിനെ അതത് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരാണ് നയിക്കുക. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം മിന്നല്‍ പരിശോധനകള്‍ നടത്താനാണ് നിര്‍ദ്ദേശം.

ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള പ്രത്യേക ലൈസന്‍സ് എടുക്കാത്ത എല്ലാ സ്ഥാപനങ്ങളുടേയേയും പ്രവര്‍ത്തനം അവസാനിപ്പിക്കും. യാത്രക്കാരുടെ ലഗേജിനൊപ്പം കള്ളക്കടത്തും വ്യാപകമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അതും പരിശോധിക്കും.

Exit mobile version