രാഹുല്‍ ഗാന്ധി ആരാ..? ചോദ്യത്തിന് മറുപടി ഒരു ചിരി മാത്രം, ആരെയും അറിയാതെ വോട്ട് രേഖപ്പെടുത്തി പാണപ്പുഴ കരിയന്‍!

വനം വകുപ്പിന്റെ ജീപ്പില്‍ സായുധ സേനക്കൊപ്പമാണ് കരിയനും സംഘവും എത്തിയത്.

നെടുങ്കയം: രാഹുല്‍ ഗാന്ധി ആരാ..? പ്രധാനമന്ത്രിയെ അറിയാമോ…? മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ എങ്കിലും…? ഈ ചോദ്യങ്ങള്‍ക്ക് അറുപതുകാരനായ പാണപ്പുഴ കരിയന്റെ മറുപടി ഒരു ചിരി മാത്രമാണ്. ചോദിച്ച ആരെയും അറിയില്ല. പക്ഷേ വോട്ട് രേഖപ്പെടുത്താന്‍ കരിയന്‍ മറക്കാതെ എത്തി. ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്കരില്‍പ്പെട്ടതാണ് കരിയന്‍.

വയനാട് മണ്ഡലത്തിന്റെ ഭാഗമായ നെടുങ്കയം വനത്തില്‍ ആദിവാസികള്‍ക്ക് മാത്രമായി സജ്ജമാക്കിയ പോളിങ് ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയതായിരുന്നു കരിയന്‍ ഒപ്പം കുടുംബവും ഉണ്ടായിരുന്നു. ആര്‍ക്കും രാഹുല്‍ ഗാന്ധി ആരെന്നോ സ്ഥാനാര്‍ത്ഥി ആരെന്നോ ഒരു പിടിയും ഇല്ല. കരിയന്റെ കൂടെ ഉണ്ടായിരുന്ന ചെറുപ്പക്കാരായ കുംഭനും സണിക്കും ആരെയും അറിയില്ല.

വനം വകുപ്പിന്റെ ജീപ്പില്‍ സായുധ സേനക്കൊപ്പമാണ് കരിയനും സംഘവും എത്തിയത്. രാവിലെ കാത്തിരിക്കുന്നതാണ് ഇവരെ. പക്ഷേ ആദ്യ സംഘം എത്തിയത് ഉച്ചയോടെയാണ്. നെടുങ്കയത്തെ ബൂത്തില്‍ ആകെയുള്ളത് 467 വോട്ടര്‍മാര്‍ ആണ്. ഇതില്‍ 266 പേര്‍ പുരുഷന്മാരും 201 വനിതകളുമാണ്. വനത്തിനുള്ളിലെ നെടുങ്കയം, മുണ്ടക്കടവ്, മാഞ്ചീരി കോളനികളിലാണ് ആദിവാസികള്‍ താമസിക്കുന്നത്. ഉള്‍വനമായ മാഞ്ചീരിയിലും പരിസര പ്രദേശങ്ങളായ മണ്ണള, താളിപ്പുഴ, പാണപ്പുഴ, മീമുട്ടി, നാഗമല, വരിച്ചില്‍മല, പൂച്ച പാറ, മഞ്ഞക്കല്ലന്‍ പുഴ, ചേമ്പ് കല്ല് മല എന്നിവിടങ്ങളിലുമാണ് ചോലനായ്ക്കരുള്ളത്.

പാറക്കെട്ടിലും അളകളിലുമായാണ് ഇവരുടെ ജീവിതം. ആകെ 205 പേരാണ് ഉള്ളത്. ഇതില്‍ മാഞ്ചീരി, പാണപ്പുഴ, മീമുട്ടി ഭാഗങ്ങളിലുള്ളവര്‍ മാത്രമേ തെരഞ്ഞെടുപ്പിനെ കുറിച്ച് കുറച്ചെങ്കിലും കേട്ടറിവൊള്ളൂ. ആകെ 88 വോട്ടര്‍മാരാണുള്ളത്. വണ്ടിയുമായി അവരെ കൂട്ടാന്‍ ചെന്നിട്ടും 25 പേരാണ് വോട്ട് ചെയ്യാന്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ പേരു കേട്ടിട്ടുള്ള ഒരാള്‍ മാത്രമാണ് മണ്ണള കരിയന്‍. രാഹുല്‍ ഗാന്ധിയെ അറിയുമോ എന്ന് ചോദിച്ചപ്പോള്‍ മ്മളെ രാജീവ് ഗാന്ധിയുടെ മകനല്ലേയെന്നായി മറു ചോദ്യം. ചിലര്‍ വന വിഭവങ്ങളും മറ്റുമായാണ് എത്തിയത്. ചിലര്‍ ചാനലുകാരെയും ക്യാമറയും കണ്ടതോടെ അമ്പരന്നു. മറ്റു ചിലരില്‍ പോളിങ് ബൂത്തിലെ ആളും ബഹളവും കണ്ടതിന്റ ഭയപ്പാടും ഉണ്ട്.

കടപ്പാട്; മാധ്യമം

Exit mobile version