വോട്ടിങ് യന്ത്രത്തിലെ തകരാര്‍ ആസൂത്രിതമെന്ന് കെ സുരേന്ദ്രന്‍!

പോളിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്.

പത്തനംതിട്ട: വോട്ടിങ് യന്ത്രത്തിലെ തിരിമറിയില്‍ പ്രതികരണവുമായി ബിജെപി നേതാവും പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ രംഗത്ത്. വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍ ആസൂത്രിതമാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. പത്തനംതിട്ടയില്‍ താമര തന്നെ വിരിയുമെന്നും നേതാവ് അവകാശം ഉയര്‍ത്തിയിട്ടുണ്ട്.

പോളിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്. കൈപ്പത്തിക്ക് കുത്തുമ്പോള്‍ തെളിയുന്നത് താമരയ്‌ക്കെന്നാണ് ഉയര്‍ന്നിരുന്ന ആരോപണം. ഈ സാഹചര്യത്തില്‍ പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടിരുന്നു.

ഏറെ വൈകിയാണ് പലയിടത്തും വോട്ടിങ് ആരംഭിച്ചത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി നേതാവും തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായി കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കെ സുരേന്ദ്രനും തകരാര്‍ ആസൂത്രിതമെന്ന് പറയുന്നത്.

Exit mobile version