സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്; കനത്ത സുരക്ഷയുമായി കേന്ദ്രസേനയും പോലീസും

സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിനമാണ്. പോളിങ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും.

തിരുവനന്തപുരം: കേരളം നാളെ പോളിങ് ബൂത്തിലേക്ക്. പതിനേഴാം ലോക്‌സഭയിലേക്കുളള കേരളത്തിന്റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാര്‍ത്ഥികള്‍ക്ക് ഇന്ന് നിശബ്ദപ്രചാരണത്തിന്റെ ദിനമാണ്. പോളിങ് സാധനങ്ങളുടെ വിതരണവും ഇന്ന് നടക്കും. അതേസമയം, വോട്ടെടുപ്പിന് കേന്ദ്രസേനയും പോലീസും കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്.

സംസ്ഥാനത്ത് 2 കോടി 61 ലക്ഷം പേര്‍ക്കാണ് വോട്ടവകാശമുളളത്. 24,970 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമുണ്ടാകും.

58,138 പോലീസുകാര്‍ക്കാണ് സുരക്ഷാചുമതല. സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് ജവാന്‍മാരുടെ 55 കമ്പനി സേനയുമാണ് സുരക്ഷ ചുമതല നിര്‍വ്വഹിക്കുക. തമിഴ്‌നാട്ടില്‍ നിന്നും 2000 പോലീസുകാരെയും കര്‍ണ്ണാടകയില്‍ നിന്നും 1000 പോലീസുകാരെയും സുരക്ഷക്കായി വിന്യസിക്കും. പോളിങ് ജോലികള്‍ക്ക് 1,01,140 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്.

Exit mobile version