പിഞ്ചുകുഞ്ഞിനെ ജിഹാദി വിത്തെന്ന് അധിക്ഷേപിച്ച പോസ്റ്റ് ഷെയര്‍ ചെയ്തവരും കുടുങ്ങും; മതസ്പര്‍ധ വളര്‍ത്തുന്നവര്‍ക്ക് എതിരെ സന്ധിയില്ലാതെ പോലീസ്

ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തവരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കൊച്ചി: മംഗലാപുരത്തു നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് റോഡ് മാര്‍ഗം എത്തിച്ച പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ചവരെല്ലാം കുടുങ്ങും. കുഞ്ഞിനെ ആക്ഷേപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് ഷെയര്‍ ചെയ്ത മുപ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുക്കും.

ഹൃദയശസ്ത്രക്രിയയ്ക്കായി ആംബുലന്‍സില്‍ മംഗലാപുരത്തുനിന്ന് കൊച്ചിയിലെത്തിച്ച പിഞ്ചു കുഞ്ഞിനായി കേരളക്കര ഒന്നടങ്കം കൈകോര്‍ത്തിരുന്നു. കുഞ്ഞിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്താണ് ശ്രീചിത്ര ആശുപത്രിക്ക് പകരം കൊച്ചി അമൃതയിലെത്തിച്ചത്. ഇതിനു പിന്നാലെയാണ് കുഞ്ഞിനെ ”ജിഹാദിയുടെ വിത്ത്” എന്നു ആക്ഷേപിച്ച് ഹിന്ദു ഹെല്‍പ്പ് ലൈന്‍ സംസ്ഥാന ജോ. സെക്രട്ടറി കോതമംഗലം കടവൂര്‍ ബ്ലാവില്‍ ബിനില്‍ സോമസുന്ദരം (37) ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഒളിവിലായിരുന്നെങ്കിലും വെള്ളിയാഴ്ച ഇയാള്‍ അറസ്റ്റിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാന്‍ഡിലാണ്.

ട്വിറ്ററിലും ശബരിമല കര്‍മ്മസമിതിയുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലും കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച് ഇയാള്‍ പോസ്റ്റിട്ടിരുന്നതായി പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ പോലീസ് ശാസ്ത്രീയ തെളിവുകള്‍ നിരത്തിയപ്പോള്‍ ഇയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തവരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാളുടെ പേരില്‍ കേസെടുത്തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് പറഞ്ഞു.

Exit mobile version