‘എന്തെങ്കിലും വിളിച്ച് കൂവിയിട്ട് വന്ന് മാപ്പ് പറയും; പുറത്തിറങ്ങി മറ്റൊന്ന് പറയും; ഈ ഇരട്ടത്താപ്പ് എങ്ങനെ വിശ്വസിക്കും? ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍

ഞാനിനി ആവര്‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെയും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടേയും ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ശേഷം ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് ടിക്കാറാം മീണ വെളിപ്പെടുത്തി.

എന്നാല്‍ മാപ്പ് പറഞ്ഞതിനു ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരന്‍ പിള്ളയുടെ പതിവെന്നും ടിക്കാറാം മീണ കുറ്റപ്പെടുത്തുന്നു. ശ്രീധരന്‍പിള്ളയുടേത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

‘എന്തെങ്കിലും പറഞ്ഞിട്ട് ‘സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവര്‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്.’ ടിക്കാറാം മീണ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version