അടച്ചുറപ്പുള്ള വീട് അവന്റെ സ്വപ്‌നമായിരുന്നു; പുതിയ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങവെ പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ അച്ഛന്‍

പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടിന്റെ നിര്‍മാണം. 20 ലക്ഷം രൂപ ചിലവിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്.

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന്‍ എംഎല്‍എയുടെ തണല്‍ പദ്ധതിപ്രകാരം നിര്‍മിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. അടച്ചുറപ്പുള്ള വീട് അതായിരുന്നു കൃപേഷിന്റെ സ്വപ്‌നമെന്നും അതാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നതെന്നും കൃഷ്ണന്‍ പറയുന്നു.

രാഷ്ട്രീയ പകപോക്കലിനിരയായി കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോള്‍ കല്ല്യോട്ടെ കൃപേഷിന്റെ വീട്ടിലെത്തിയ എല്ലാവരുടേയും മനസിലെ വിങ്ങലായിരുന്നു കൃപേഷിന്റെ ഓലമേഞ്ഞ ഒറ്റമുറിവീട്. കൊലപാതകം നടന്നിട്ട് ഇന്നേക്ക് അറുപത്തിയൊന്നാം ദിവസമാണ് കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങിയത്.

പഴയ വീടിനോട് ചേര്‍ന്ന് 1100 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലാണ് വീടിന്റെ നിര്‍മാണം. 20 ലക്ഷം രൂപ ചിലവിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികള്‍. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേര്‍ന്നതാണ് വീട്. പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വീട്ടു വളപ്പില്‍ കുഴല്‍ കിണറും നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.

ഹൈബി ഈഡന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജ്മോഹന്‍ ഉണ്ണിത്താന്‍, വിഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹൈബി ഈഡന്റെ ഭാര്യയും മകളും ചടങ്ങിനെത്തിയിരുന്നു.

Exit mobile version