വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തി വോട്ട് നേടാന്‍ ശ്രമിച്ചു; എന്‍കെ പ്രേമചന്ദ്രനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി സിപിഎം

വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തി വോട്ട് നേടാന്‍ ശ്രമിച്ചതിന്റെ വീഡിയോ തെളിവ് അദ്ദേഹത്തിനു വിനയാകും

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കടുത്ത മത്സരം നടക്കുന്ന ഒരു മണ്ഡലമാണ് കൊല്ലം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എന്‍കെ പ്രേമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും കടന്നുകൂടിയാലും എംപിയായി തുടരാനാകില്ല എന്നാണ് സൂചന. വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തി വോട്ട് നേടാന്‍ ശ്രമിച്ചതിന്റെ വീഡിയോ തെളിവ് അദ്ദേഹത്തിനു വിനയാകും. വെറുമൊരു ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ കെഎം ഷാജി എംഎല്‍എയ്ക്ക് കോടതി അയോഗ്യത കല്പിച്ചുവെങ്കില്‍ വീഡിയോ തെളിവ് തന്നെയുള്ള പ്രേമചന്ദ്രന്‍ രക്ഷപ്പെടാന്‍ സാധ്യത ഒട്ടുമില്ലെന്നാണ് നിയമവിദഗ്ദ്ധരുടെ വിലയിരുത്തല്‍.

വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തി വോട്ട് നേടാന്‍ ശ്രമിച്ചതിനെതിരെ കോടതിയെ സമീപിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. പ്രേമചന്ദ്രന്‍ തോറ്റാലും പരാതി കോടതിയിലെത്തിക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. വീഡിയോ ഉള്ള സാഹചര്യത്തില്‍ കുറ്റം തെളിയിക്കാന്‍ ഒരു വിഷമവുമില്ലെന്നാണ് പാര്‍ട്ടിക്കു ലഭിച്ച നിയമോപദേശം. സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കുന്ന രീതിയില്‍ വര്‍ഗ്ഗീയത പറഞ്ഞുവെന്ന് കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ അടുത്ത 6 വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പ്രേമചന്ദ്രന് വിലക്കു വരും. അങ്ങനെ വന്നാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലോ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലോ പ്രേമചന്ദ്രന് മത്സരിക്കാനാവില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പ്രേമചന്ദ്രനെ പൂര്‍ണ്ണമായും ഒഴിവാക്കി അപ്രസക്തനാക്കുക എന്നതാണ് സിപിഎമ്മിന്റെ പരിപാടി.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ അഴീക്കോട് മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെഎം ഷാജിയുടെ പ്രചാരണത്തിനായി വിതരണം ചെയ്ത ലഘുലേഖയിലെ വര്‍ഗ്ഗീയത ചൂണ്ടിക്കാട്ടി സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എംവി നികേഷ് കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. അമുസ്ലീമിന് വോട്ടു ചെയ്യരുതെന്നും അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണെന്നും മുഹമ്മിയനായ കെ മുഹമ്മദ് ഷാജിയെന്ന കെഎം ഷാജി വിജയിക്കാന്‍ എല്ലാം മുസ്ലീങ്ങളും പ്രാര്‍ത്ഥിക്കണമെന്നുമാണ് ലഘുലേഖയില്‍ ഉണ്ടായിരുന്നത്. ഇത് പരിഗണിച്ച കോടതി ഷാജിയെ അയോഗ്യനാക്കുകയും അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. തെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് 6 വര്‍ഷത്തേക്ക് ഷാജിയെ വിലക്കുകയും ചെയ്തിട്ടുമുണ്ട്.

അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള സിപിഎം പ്രവര്‍ത്തകനായ ബാലന്‍ സമര്‍പ്പിച്ച മറ്റൊരു കേസിലും ഷാജിയെ വിലക്കിക്കൊണ്ട് ഹൈക്കോടതി രണ്ടാം ഉത്തരവ് പുറപ്പെടുവിച്ചു. ആദ്യ ഉത്തരവ് പോലെ തന്നെ 6 വര്‍ഷത്തേക്കാണ് രണ്ടാം ഉത്തരവിലും ഷാജിക്ക് മത്സരവിലക്ക്. ഈ വിധികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഷാജി നല്‍കിയ അപ്പീലിന്മേല്‍ അന്തിമ തീരുമാനമായിട്ടില്ല. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തല്‍ക്കാലം അദ്ദേഹത്തിന് സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും എംഎല്‍എ എന്ന നിലയിലുള്ള മറ്റൊരാനുകൂല്യവും നല്‍കേണ്ടതില്ലെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഷാജിയുടേതിനേക്കാള്‍ ഗൗരവമുള്ള കുറ്റകൃത്യമാണ് പ്രേമചന്ദ്രന്‍ ചെയ്തിരിക്കുന്നത്. മണ്ഡലത്തില്‍ പലയിടത്തും അദ്ദേഹം പരസ്യമായി വര്‍ഗ്ഗീയത പ്രസംഗിക്കുകയായിരുന്നു. സുപ്രീം കോടതി വിധി പ്രകാരം സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ‘മുഖ്യമന്ത്രി പിണറായി വിജയന് 10നും 50നും ഇടയ്ക്കുള്ള 10 പെണ്ണുങ്ങളെയെങ്കിലും ശബരിമലയില്‍ കയറ്റിയില്ലെങ്കില്‍ ഉറക്കം വരില്ല’ എന്നാണ് പ്രേമചന്ദ്രന്‍ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച സുന്നി പള്ളികളില്‍ 10 പെണ്ണുങ്ങളെ കയറ്റി നിസ്‌കരിപ്പിക്കാന്‍ നടക്കുന്നയാളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്നും ക്രൈസ്തവ ദേവാലയങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയാണെന്നുമെല്ലാം അദ്ദേഹം പ്രസംഗിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമം 124എ, 153എ, 153ബി വകുപ്പുകള്‍ പ്രകാരം തന്നെ പ്രേമചന്ദ്രനെ ശിക്ഷിക്കാമെന്നാണ് സിപിഎമ്മിനു ലഭിച്ചിട്ടുള്ള നിയമോപദേശം. ഇതിനു പുറമെ ജനാധിപത്യ നിയമം 1, 2, 3, 3എ, 125 വകുപ്പുകള്‍ പ്രകാരവും പ്രേമചന്ദ്രന്റെ നടപടി ശിക്ഷാര്‍ഹമാണ്. അഭിഭാഷകന്‍ കൂടിയായ പ്രേമചന്ദ്രന്‍ തന്നെ കോടതിയുടെ അധികാരത്തിനും അന്തസ്സിനും അവമതിപ്പും ഇടിവും വരുത്തിയെന്ന പ്രശ്നവുമുണ്ട്. സുപ്രീം കോടതി വിധിയുടെ വില കെടുത്തിയതും ഹാസ്യരൂപേണ അവതരിപ്പിച്ചതും കോടതിയലക്ഷ്യമാണെന്ന ആരോപണത്തിന് മറുപടി നല്‍കാന്‍ പ്രേമചന്ദ്രന്‍ വിഷമിക്കും.

പ്രചാരണത്തിലെ മേല്‍ക്കൈയും 2015 മുതല്‍ കൊല്ലം ജില്ല മുഴുവനായി പ്രകടിപ്പിച്ചു വരുന്ന ഇടത് ആഭിമുഖ്യവും പരിഗണിക്കുമ്പോള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാല്‍ ജയിക്കാനുള്ള സാധ്യതയാണ് കൂടുതലുള്ളതെന്ന് ഇടതു മുന്നണി വിലയിരുത്തുന്നു. അതിനാല്‍ തന്നെയാണ് പ്രേമചന്ദ്രനെ തോല്‍പിച്ചാലും കേസ് കൊടുക്കുമെന്ന് അവര്‍ പറയുന്നത്. ഇതിനെ മറികടന്ന് പ്രേമചന്ദ്രന്‍ അത്ഭുതവിജയം നേടിയാല്‍ കൊല്ലത്തുള്ളവര്‍ക്ക് ഒരിക്കല്‍ കൂടി ഉപതെരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് വോട്ടു ചെയ്യേണ്ടി വരുന്ന സ്ഥിതിയാണ് ഉണ്ടാവുക.

Exit mobile version