പ്രാര്‍ത്ഥനകള്‍ വിഫലം; ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ മൂന്നുവയസുകാരന്‍ മരിച്ചു

ഗുരുരമായി തലയ്ക്ക്പരിക്കേറ്റ നിലയില്‍ കുഞ്ഞിനെ ബുധനാഴ്ച ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആലുവ: അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ മൂന്നുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. ഇന്ന് ഒമ്പതരയോടെയായിരുന്നു അന്ത്യം. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ നിലയില്‍ കുഞ്ഞിനെ ബുധനാഴ്ച ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി തലച്ചോറിന് പരിക്കേറ്റ കുഞ്ഞ് ശസ്ത്രക്രിയയ്ക്ക് ശേഷവും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കുഞ്ഞിന്റെ ചികിത്സാ ചെലവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കുഞ്ഞിനെ സാമൂഹ്യനീതി വകുപ്പ് സംരക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചിരുന്നു.

ടെറസില്‍ നിന്നും വീണ് പരിക്കേറ്റെന്നായിരുന്നു ആശുപത്രി അധികൃതരോട് അമ്മയുടെ ആദ്യ മൊഴി. എന്നാല്‍, കുഞ്ഞിന്റെ ശരീരത്തിലെ പൊള്ളലില്‍ സംശയം തോന്നി ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് ക്രൂര മര്‍ദ്ദനത്തിന്റെ വിവരം പുറത്തറിഞ്ഞത്. അനുസരണക്കേട് കാണിച്ചെന്ന കാരണം പറഞ്ഞ് മരക്കഷ്ണം ഉപയോഗിച്ച് അമ്മ തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യുവതി പോലീസ് റിമാന്‍ഡില്‍ കഴിയുകയാണ്. കുട്ടിയുടെ അച്ഛന്‍ പോലീസ് നിരീക്ഷണത്തിലാണ്.

എറണാകുളം ഏലൂരില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകനാണ് കുട്ടി. അമ്മ ഝാര്‍ഖണ്ഡ് സ്വദേശിയാണ്. ബംഗാള്‍ സ്വദേശിയായ അച്ഛന്‍ കൊച്ചി മെട്രോ നിര്‍മ്മാണത്തിലെ ക്രെയിന്‍ ഡ്രൈവറാണ്. അനുസരണക്കേട് കാണിച്ചതിന് മകനെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും മരക്കഷ്ണം കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തിരുന്നെന്ന് അമ്മ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിരുന്നു. ഈ ഏപ്രില്‍ മാസത്തില്‍ രക്ഷിതാക്കളുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ രണ്ടാമത്തെ കുഞ്ഞാണ് ആലുവയിലേത്.

Exit mobile version