നബീസാത്ത, ഒരുപാട് ജന്മം കൊണ്ട് അനുഭവിക്കേണ്ട ദുരിതങ്ങള്‍ ഒറ്റ ജന്മത്തില്‍ അനുഭവിച്ച് തീര്‍ത്ത നിരാലംബയായ സ്ത്രീ; സുരക്ഷിത ഭവനം ഒരുക്കി കൈത്താങ്ങായി മന്ത്രി കെടി ജലീല്‍

സുരക്ഷിതമായ ഒരു വീടില്ലാതെ ആരുടെയോ വാടക മുറിയില്‍ തന്റെ മകളോടൊപ്പം കഴിയവെയാണ് എംഎല്‍എ ആിരിക്കുന്ന സമയത്ത് മകളുടെ മകള്‍ക്ക് ഉപരിപഠനത്തിന് താമസിച്ചു പഠിക്കാന്‍ ഒരിടം വേണമെന്ന അഭ്യര്‍ത്ഥനയുമായി തന്റെ അടുത്ത് വന്നതെന്ന് മന്ത്രി പറയുന്നു.

തിരുവനന്തപുരം: ഒരുപാട് ജന്മം കൊണ്ട് അനുഭവിക്കേണ്ട ദുരിതങ്ങള്‍ ഒറ്റ ജന്മത്തില്‍ അനുഭവിച്ച് തീര്‍ത്ത നിരാലംബയായ സ്ത്രീയാണ് നബീസാത്ത. അടച്ചുറപ്പുള്ള വീടില്ലാത്ത നബീസാത്തയ്ക്ക് ഇപ്പോള്‍ സുരക്ഷിത ഭവനം ഒരുക്കി കൈത്താങ്ങായി എത്തിയിരിക്കുകയാണ് മന്ത്രി കെടി ജലീല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മറ്റേതോ ദിക്കില്‍ നിന്ന് അവര്‍ വളാഞ്ചേരിയില്‍ എത്തിപ്പെട്ടത്.

സുരക്ഷിതമായ ഒരു വീടില്ലാതെ ആരുടെയോ വാടക മുറിയില്‍ തന്റെ മകളോടൊപ്പം കഴിയവെയാണ് എംഎല്‍എ ആയിരിക്കുന്ന സമയത്ത് മകളുടെ മകള്‍ക്ക് ഉപരിപഠനത്തിന് താമസിച്ചു പഠിക്കാന്‍ ഒരിടം വേണമെന്ന അഭ്യര്‍ത്ഥനയുമായി തന്റെ അടുത്ത് വന്നതെന്ന് മന്ത്രി പറയുന്നു. സൗജന്യമായി അതിനുള്ള സൗകര്യം സഫാ കോളേജില്‍ വിപി കുഞ്ഞിമൊയ്തീന്‍കുട്ടി സാഹിബിനോട് പറഞ്ഞ് ഒരുക്കിക്കൊടുത്തതോടെയാണ് നബീസാത്തയുമായുള്ള സൗഹൃദം ആരംഭിച്ചതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒരുതുണ്ട് ഭൂമി പോലുമില്ലാത്ത ആ കുടുംബത്തിന് മിച്ചഭൂമി പതിച്ചു കിട്ടിയ സ്ഥലത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് പണിയാന്‍ നാലു ലക്ഷം രൂപ സര്‍ക്കാര്‍ നിര്‍ദേശത്തില്‍ മുനിസിപ്പാലിറ്റി അനുവദിച്ചു. എന്നാല്‍ വീടു പണി പാതിവഴിയില്‍ നിലച്ചു പോയി. ആ സങ്കടം ഒരിക്കല്‍ പറഞ്ഞതോടെയാണ് വീണ്ടും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായത്. സങ്കടം പറഞ്ഞ ഉടനെ ലെന്‍സ് ഫെഡിന്റെ ഭാരവാഹി കൂടിയായ എടയൂര്‍ ബാബുവിനോട് നേരിട്ടു പോയി കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.

ബാബു പറഞ്ഞതനുസരിച്ച് ആവശ്യമായ പണവും സാധന സാമഗ്രികളും സുമനസ്സുകളായ സുഹൃത്തുക്കളില്‍ നിന്ന് സംഘടിപ്പിച്ചു നല്‍കി. അവരോടൊക്കെയുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണെന്നും മന്ത്രി പറയുന്നു. നബീസാത്തയും കുടുംബവും ഇന്ന് അവരുടെ പുത്തന്‍വീട്ടില്‍ സുരക്ഷിതമായി ഉറങ്ങുമ്പോള്‍ നമുക്കും നമ്മുടെ വീടുകളില്‍ സുഖനിദ്ര പൂകാമെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്ന് നബീസാത്താന്റെ ഗൃഹപ്രവേശമായിരുന്നു. കോട്ടക്കല്‍ മണ്ഡലത്തിലെ പൊന്‍മള പൂവാട്, ആറ്റുപുറം, പൂവന്‍ചിന, പൈങ്കണ്ണൂര്‍ എന്നിവിടങ്ങളിലെ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തതിന് ശേഷം ഉച്ചക്ക് 12.30 നാണ് ഞങ്ങള്‍ കാര്‍ത്തല മിച്ചഭൂമി കോളനിയില്‍ എത്തിയത്. പാവം നബീസാത്ത. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മറ്റേതോ ദിക്കില്‍ നിന്ന് അവര്‍ വളാഞ്ചേരിയില്‍ എത്തിയതത്രെ. ഒരുപാട് ജന്‍മം കൊണ്ടനുഭവിക്കേണ്ട ദുരിതങ്ങള്‍ ഒറ്റ ജന്മത്തില്‍ തന്നെ അനുഭവിച്ചു തീര്‍ത്ത നിരാലംബയായ സ്ത്രീയാണവര്‍. സുരക്ഷിതമായ ഒരു വീടില്ലാതെ ആരുടെയോ വാടക മുറിയില്‍ തന്റെ മകളോടൊപ്പം കഴിയവെ ഞാന്‍ എം.എല്‍.എ ആയിരുന്ന സമയത്താണ് മകളുടെ മകള്‍ക്ക് ഉപരിപഠനത്തിന് താമസിച്ചു പഠിക്കാന്‍ ഒരിടം വേണമെന്ന അഭ്യര്‍ത്ഥനയുമായി എന്റെയടുത്ത് വരുന്നത്.

സൗജന്യമായി അതിനുള്ള സൗകര്യം സഫാ കോളേജില്‍ വി.പി. കുഞ്ഞിമൊയ്തീന്‍കുട്ടി സാഹിബിനോട് പറഞ്ഞ് ഒരുക്കിക്കൊടുത്തതോടെയാണ് നബീസാത്തയുമായുള്ള സൗഹൃദം തുടങ്ങുന്നത്. ഒരുതുണ്ട് ഭൂമി പോലുമില്ലാത്ത ആ കുടുംബത്തിന് മിച്ചഭൂമി പതിച്ചു കിട്ടിയ സ്ഥലത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്തി വീടു പണിയാന്‍ നാലു ലക്ഷം രൂപ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ മുനിസിപ്പാലിറ്റി അനുവദിച്ചു.

പകുതി പണി കഴിഞ്ഞതോടെ വീടു നിര്‍മ്മാണം നിലച്ചു. ഈ വിവരം നബീസാത്ത ഒരു ദിവസം സങ്കടത്തോടെ പങ്കുവെച്ചു. അങ്ങിനെയാണ് ലെന്‍സ് ഫെഡിന്റെ ഭാരവാഹി കൂടിയായ എടയൂര്‍ ബാബുവിനോട് നേരിട്ടു പോയി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറഞ്ഞത്. ബാബു പറഞ്ഞതനുസരിച്ച് ആവശ്യമായ പണവും സാധന സാമഗ്രികളും സുമനസ്സുകളായ സുഹൃത്തുക്കളില്‍ നിന്ന് സംഘടിപ്പിച്ചു നല്‍കി. അവരോടൊക്കെയുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്. നബീസാത്തയും കുടുംബവും ഇന്ന് അവരുടെ പുത്തന്‍വീട്ടില്‍ സുരക്ഷിതമായി ഉറങ്ങുമ്പോള്‍ നമുക്കും നമ്മുടെ വീടുകളില്‍ സുഖനിദ്ര പൂകാം.

Exit mobile version