സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുവിനെ വരവേറ്റ് മലയാള മണ്ണ്

പുലര്‍ച്ചെ കണി കണ്ട് കുടുംബത്തിലെ കാരണവന്‍മാരില്‍ നിന്ന് കൈനീട്ടം വാങ്ങാന്‍ കുട്ടികള്‍ കാത്തു നില്‍ക്കും.

തൃശ്ശൂര്‍: ഇന്ന് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷത്തിലാണ് മലയാള മണ്ണ്. കത്തുന്ന ചൂടിലും വിഷുവിനെ വരവേല്‍ക്കാന്‍ മലയാളികള്‍ സജ്ജമായി കഴിഞ്ഞു. കണിയൊരുക്കിയും വിഷുകൈനീട്ടം നല്‍കിയും പടക്കങ്ങള്‍ പൊട്ടിച്ചും മറ്റും വിഷു ആഘോഷത്തിന്റെ ലഹരിയിലാണ്.

ശ്രീകൃഷണ രൂപത്തിന് മുന്നില്‍ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ കണിവെള്ളരി, ഒപ്പം മറ്റ് പഴങ്ങളും കണിക്കൊന്നയും. പിന്നെ, സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍, വാല്‍ക്കണ്ണാടി ഒരു വര്‍ഷത്തേക്കുള്ള സമൃദ്ധി ഒന്നാകെ ഒറ്റക്കാഴ്ചയിലൊരുക്കി മനസ് നിറച്ച ഓരോ വീട്ടിലും കണിയൊരുങ്ങി കഴിഞ്ഞു. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖവും കൊന്നപ്പൂ കിരീടവും വാല്‍ക്കണ്ണാടി മനസുമാണെന്നാണ് സങ്കല്‍പ്പം.

പുലര്‍ച്ചെ കണി കണ്ട് കുടുംബത്തിലെ കാരണവന്‍മാരില്‍ നിന്ന് കൈനീട്ടം വാങ്ങാന്‍ കുട്ടികള്‍ കാത്തു നില്‍ക്കും. കണികണ്ട് കൈനീട്ടം വാങ്ങുന്നതോടെ തീരുന്നതല്ല ആഘോഷം. പടക്കങ്ങളുടെ വര്‍ണ്ണ വിസ്മയമവും വിഷുവിന് നിര്‍ബന്ധം. തലേന്നാള്‍ തന്നെ തുടങ്ങുന്നതാണിത്.

വിഭവ സമൃദ്ധമായ ഭക്ഷണമാണ് വിഷുദിനത്തിന്റെ മറ്റൊരു പ്രത്യേകത. ഭൂരിഭാഗം പേരും സസ്യാഹാരത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ മറ്റു ചിലയിടത്ത് മാംസ വിഭവങ്ങളും വിളമ്പും. ഇത്തവണ കടുത്ത വേനല്‍ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് ചൂടിന്റെ കൂടി നിറച്ചാര്‍ത്തിലാണ് വിഷുവെത്തിയത്. ഏവര്‍ക്കും ബിഗ് ന്യൂസിന്റെ വിഷു ദിനാശംസകള്‍ നേരുന്നു.

Exit mobile version