തൃശ്ശൂരില്‍ വാറ്റു ചാരായം പിടികൂടാന്‍ കല്ല്യാണ ചെക്കനിറങ്ങി; കേരളാ പോലീസിന്റെ ചാരായ വേട്ട ഇങ്ങനെ

കേരളത്തില്‍ ചാരായത്തിന്റെ ഒഴുക്ക് കൂടി വന്ന സാഹചര്യത്തിലാണ് കേരളാ പോലീസ് ഒപ്പറേഷന്‍ കല്ല്യാണ ചെക്കനുമായി രംഗത്ത് വന്നത്

തൃശ്ശൂര്‍: തൃശ്ശൂരില്‍ വാറ്റു ചാരായം പിടികൂടാന്‍ കല്ല്യാണ ചെക്കനിറങ്ങി. സംഭവം എന്താണെന്നല്ലേ ? കേരളാ പോലീസിന്റെ പുതിയ ലഹരിവിരുദ്ധ സ്‌ക്വാഡായ ‘ഡെന്‍സാഫ്’ ഒരുക്കിയ ഓപ്പറേഷന്റെ പേരാണ് ‘കല്യാണ ചെക്കന്‍’. കല്ല്യാണ വീടുകളിലും ബാച്ചിലര്‍ പാര്‍ട്ടിയിലും ഇപ്പോള്‍ ഉയരുന്ന ചോദ്യം ചാരായം ഉണ്ടോയെന്നാണ്. മുന്തിയ വിദേശ മദ്യത്തിനെക്കാള്‍ ആവശ്യക്കാരാണ് ചാരായത്തിന്.

കേരളത്തില്‍ ചാരായത്തിന്റെ ഒഴുക്ക് കൂടി വന്ന സാഹചര്യത്തിലാണ് കേരളാ പോലീസ് ഒപ്പറേഷന്‍ കല്ല്യാണ ചെക്കനുമായി രംഗത്ത് വന്നത്. കല്ല്യാണ ചെക്കന്റെ വേഷം തന്നെയായിരുന്നു ഓപ്പറേഷന് വേണ്ടി കേരളാ പോലീസ് തിരഞ്ഞെടുത്തതും.

അത്തരം ഒപ്പറേഷനില്‍ പോലീസിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ് പോലീസുകാരുടെ ബാഹ്യരൂപം. പോലീസിന്റെ മുടിവെട്ടും മറ്റ് ശരീര ഘടനയും കണ്ടാല്‍ പലപ്പോഴും മനസ്സിലാകാറുണ്ട്. അതുകൊണ്ട് ഒറ്റ നോട്ടത്തില്‍ പോലീസാണെന്ന് തോന്നാത്ത യോയോ പോലീസിനെ ആയിരുന്നു പുതിയ ഓപ്പറേഷന് പിന്നില്‍ നിയമിച്ചത്.

നല്ലവെള്ള മുണ്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ച കല്ല്യാണ ചെക്കനായി യോയോ പോലീസ് വാറ്റു ചാരായ സംഘത്തിന് മുന്നിലേത്തി. ആവശ്യം ഇരുപതു ലിറ്റര്‍ ചാരായമാണ്. ചുരുങ്ങിയത് ഇരുപതു ലിറ്റര്‍ ഇല്ലെങ്കില്‍ വേണ്ടെന്നും പറഞ്ഞു. ഒരാഴ്ച കഴിഞ്ഞു വരാനായി സംഘം ആവശ്യപ്പെട്ടു. അങ്ങനെ, വീണ്ടും കല്യാണ ചെക്കന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചാരായം വാങ്ങാന്‍ ചെന്നു. ഇരുപതു ലിറ്റര്‍ ചാരായം കൈമാറി.

സംഘം പണം ആവശ്യപ്പെട്ടു. പണത്തിനു പകരം പോക്കറ്റില്‍ നിന്ന് യോയോ പോലീസ് എടുത്തത് കേരള പോലീസിന്റെ ഐഡന്റിറ്റി കാര്‍ഡ്. പുതിയ ലഹരിവിരുദ്ധ സ്‌ക്വാഡായ ‘ഡെന്‍സാഫ്’ ഒരുക്കിയ ഓപ്പറേഷന്‍ കല്യാണ ചെക്കന്‍ അങ്ങനെ വിജയം കണ്ടു. സംഭവത്തില്‍ രണ്ടു പ്രതികളെ കയ്യോടെ പിടികൂടുകയും ചെയ്തു. കൊടുങ്ങല്ലൂരിലും വലപ്പാടുമായി സമാനമായ ഓപ്പറേഷനില്‍ ഏഴു കിലോ കഞ്ചാവും പിടിച്ചെടുത്തു.

തൃശൂര്‍ റൂറല്‍ എസ്പി കെപി വിജയകുമാര്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ എസ്പി എംപി മോഹനചന്ദ്രന്‍, ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബി, എസ്‌ഐ മുഹമ്മദ് റാഫി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ സ്‌ക്വാഡിനു പിന്നില്‍. ലഹരി വില്‍പനക്കാരെ മാത്രമല്ല, ലഹരിയുടെ മറവില്‍ ഗുണ്ടായിസം കാട്ടുന്നവരും ഈ സ്‌ക്വാഡിന്റെ കണ്ണില്‍ കരടാണ്.

Exit mobile version