‘ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തില്ലാതെ അപേക്ഷ സ്വീകരിക്കില്ലെന്ന് സുരേഷ് ഗോപി എംപി”; സുരേഷ് ഗോപിയുടേത് സത്യപ്രതിജ്ഞ ലംഘനമെന്ന് വിമര്‍ശനം

suresh gopi | bignewslive

തൃശ്ശൂര്‍: ബിജെപി ജില്ലാ പ്രസിഡന്റിന്റെ കത്തുമായി വരുന്നവരുടെ ആവശ്യങ്ങള്‍ മാത്രമേ താന്‍ നടപ്പിലാക്കി കൊടുക്കുകയുള്ളൂവെന്ന് സുരേഷ് ഗോപി എംപി. തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കവേയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.

‘തന്റെ എംപി ഓഫീസിലേക്ക് കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് കത്തുകള്‍ വരാറുണ്ട്. എന്നാല്‍ അവയില്‍ ബിജെപി ജില്ലാ പ്രസിഡണ്ടിന്റെ ശുപാര്‍ശ ഇല്ലാതെ വരുന്ന കത്തുകള്‍ സ്വീകരിക്കാറില്ല’ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി 21 മുതല്‍ 30 സീറ്റുകള്‍ വരെ നേടുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അതേസമയം സുരേഷ് ഗോപിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടി നോക്കി ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കുന്ന പ്രവര്‍ത്തി സത്യപ്രതിജ്ഞ ലംഘനമാണ് എന്നാണ് ഉയരുന്ന വിമര്‍ശനം. ബിജെപി പിന്തുണയോടെ ജന പ്രതിനിധികളായ സുരേഷ് ഗോപിയെ പോലെയുള്ളവര്‍ സാധാരണ ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതാണ് സുരേഷ് ഗോപി എംപി യുടെ പ്രസ്താവന എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആക്ഷേപം.

നേരത്തെ ആറ്റിങ്ങലില്‍ നടത്തിയ സുരേഷ് ഗോപിയുടെ പ്രസംഗവും വിവാദമായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികളല്ലാത്ത സ്ഥാനാര്‍ത്ഥികളെ മലിനം എന്നായിരുന്നു സുരേഷ് ഗോപി വിശേഷിപ്പിച്ചത്. അവരെ സ്ഥാനാര്‍ത്ഥികള്‍ എന്ന് പോലും വിശേഷിപ്പിക്കാന്‍ താന്‍ തയ്യാറല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Exit mobile version