‘ശബരിമല’ എന്ന് പറഞ്ഞതേയില്ല..! എല്ലാവരും പ്രധാനമന്ത്രിയെ മാതൃകയാകണമെന്ന് ടിക്കാറാം മീണ

പെരുമാറ്റചട്ടത്തിന് ചില ലക്ഷ്മണ രേഖയുണ്ട്, അത് എല്ലാവരും പാലിക്കണമെന്നും ലക്ഷ്മണ രേഖ കടന്നാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം: ഇന്നലെ കോഴിക്കോട് നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ ശബരിമലയെ കുറിച്ച് പരാമര്‍ശിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി ശബരിമല എന്ന വാക്ക് എവിടെയും പറഞ്ഞില്ലെന്നും ഈ ശൈലി എല്ലാവരും മാതൃകയാക്കണമെന്നും മീണ പറഞ്ഞു.

പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. പെരുമാറ്റചട്ടത്തിന് ചില ലക്ഷ്മണ രേഖയുണ്ട്, അത് എല്ലാവരും പാലിക്കണമെന്നും ലക്ഷ്മണ രേഖ കടന്നാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, കാസര്‍കോട്, തൃശ്ശൂര്‍, കൊല്ലം കലക്ടര്‍മാര്‍ക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളില്‍ അവര്‍ക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്നും മീണ പറഞ്ഞു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

Exit mobile version