ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജു രാധാകൃഷ്ണനെയും അമ്മയേയും കോടതി വെറുതെ വിട്ടു

വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് ബിജു രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ബിജുവിന്റെ ആരോപണം

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജു രാധാകൃഷ്ണനെയും അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടു. ഇരുവരെയും വിചാരണ കോടതിയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കേസിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടത്. നേരത്തെ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷണനെയും അമ്മ രാജാമ്മാളിനെയും കൊട്ടാരക്കര കോടതി ശിക്ഷിച്ചിരിന്നു.

ഇതില്‍ ബിജു രാധാകൃഷ്ണണന് ജീവപര്യന്തം തടവും പിഴയും അമ്മ രാജാമ്മാളിന് സ്ത്രീധന പീഡനത്തിനുള്ള ശിക്ഷയുമായിരുന്നു ചുമത്തിയിരുന്നത്. എന്നാല്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് ബിജു രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് ബിജുവിന്റെ ആരോപണം.

ആദ്യഘട്ടത്തില്‍ രശ്മി കൊല്ലപ്പെട്ട കേസില്‍ സ്ത്രീധന പീഡനത്തിന് മാത്രമാണ് ഇരുവര്‍ക്കെതിരെയും കേസ് ചുമത്തിയിരുന്നത്. പിന്നീട് കൊട്ടാരക്കര കോടതിയില്‍ വിചാരണ പൂര്‍ത്തീകരിച്ച് ശിക്ഷ വിധിക്കുകയായിരുന്നു. കുട്ടി മാത്രം പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി ഇരുവരെയും ശിക്ഷിച്ചത് ശരിയായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബിജു രാധാകൃഷ്ണന്‍ കുറ്റം ചെയ്തുവെന്നതിന് തെളിവുകള്‍ ഇല്ലെന്നു പറഞ്ഞാണ് കോടതി നടപടി. ബിജുവിനു പുറമേ അദ്ദേഹത്തിന്റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടിട്ടുണ്ട്. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ബിജു രാധാകൃഷ്ണനെതിരെ ആരോപണമുയര്‍ന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ മരണവും ചര്‍ച്ചയായത്.

ഭാര്യ രശ്മിയുടേത് കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. രശ്മിയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മരണം കൊലപാതകമാണെന്ന കണ്ടെത്തലില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. സരിത എസ. നായരുമായുള്ള ബിജുവിന്റെ ബന്ധമാണ് രശ്മിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്.

കുട്ടിയെ മാത്രമാണ് സാക്ഷിയായി അവതരിപ്പിച്ചതെന്ന ആരോപണത്തെ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടത്.

Exit mobile version