കോണ്‍ഗ്രസില്‍ തന്നെ കാലുവാരല്‍, ശശി തരൂരിനെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിക്കും; ആരോപണവുമായി മുന്‍ ഐഎന്‍ടിയുസി നേതാവ്

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ എ,ഐ ഗ്രൂപ്പുകളുടെ നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ മനംനൊന്താണ് പാര്‍ട്ടി വിട്ടതെന്നും ബിജെപിയില്‍ ചേര്‍ന്നതെന്നും മുരളി പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയായ ശശി തരൂര്‍ തോല്‍ക്കുമെന്ന് മുന്‍ ഐഎന്‍ടിയുസി നേതാവ് കല്ലിയൂര്‍ മുരളി. കോണ്‍ഗ്രസില്‍ തന്നെ കാലുവാരല്‍ തകൃതിയായി നടക്കുന്നതിനാല്‍ തരൂരിനെ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനുള്ള അണിയറ നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കാലു വാരിയ മാന്യന്മാര്‍ തന്നെയാണ് ഇപ്പോഴും പാലം വലിക്കുന്നതെന്നും മുരളി വ്യക്തമാക്കി.

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ എ,ഐ ഗ്രൂപ്പുകളുടെ നെറികെട്ട പ്രവര്‍ത്തനങ്ങളില്‍ മനംനൊന്താണ് പാര്‍ട്ടി വിട്ടതെന്നും ബിജെപിയില്‍ ചേര്‍ന്നതെന്നും മുരളി പറയുന്നു. ശശി തരൂരിന് തിരുവനന്തപുരത്തെ കളികളെക്കുറിച്ച് എല്ലാം അറിയാമെങ്കിലും മിണ്ടാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും മുരളി ആരോപിച്ചു. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാന്‍ തരൂര്‍ ശ്രമിക്കുമ്പോള്‍ തമ്പാനൂര്‍ രവിയും വിഎസ് ശിവകുമാറുമെല്ലാം മാറി നില്‍ക്കുന്ന സ്ഥിതിയുണ്ട്. എഐസിസി മുന്നറിയിപ്പ് നല്‍കിയ നേതാവാണ് വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം എല്ലാം പാളിയ നിലയിലാണ്. അതുകൊണ്ടു തന്നെ ശശി തരൂര്‍ പരാജയപ്പെടും. അപ്പോള്‍ താന്‍ പറഞ്ഞത് എല്ലാവരും അംഗീകരിക്കും. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടന സംവിധാനം വേണ്ടത്ര പ്രവര്‍ത്തിക്കുന്നില്ലെന്നും ജില്ലയിലെ എ,ഐ ഗ്രൂപ്പുകളുടെ രണ്ടു നേതാക്കള്‍ ശരിയായ പാര്‍ട്ടി പ്രവര്‍ത്തകരെ അംഗീകരിക്കാതെ അവരുടെ കോഴികളെ മാത്രം കെപിസിസി, ഡിസിസി സെക്രട്ടറിമാര്‍ ആയിരിക്കുകയാണെന്നും മുരളി തുറന്നു പറഞ്ഞു.

Exit mobile version