വോട്ടര്‍മാരെ നേരിട്ട് കാണാനാകാതെ കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി! ഇത്തവണയും ജാമ്യമില്ല; പ്രകാശ് ബാബുവിന്റെ റിമാന്റ് നീട്ടി; ആശങ്കയില്‍ ബിജെപി

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ റിമാന്റ് കാലാവധി നീട്ടി. ജാമ്യം ആവശ്യപ്പെട്ട് പ്രകാശ് ബാബു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് റാന്നി കോടതി ഈ മാസം 24 വരെ റിമാന്റ് നീട്ടിയത്. ദേവസ്വം പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ പത്തനംതിട്ട മജിസ്‌ട്രേട്ട് കോടതിയിലും പ്രകാശ് ബാബു ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയിലെത്തിയ സ്ത്രീയെ ആക്രമിച്ച കേസില്‍ 16ാം പ്രതിയാണ് പ്രകാശ് ബാബു. സന്നിധാനം പോലീസ് സ്റ്റേഷനാണ് പ്രകാശ് ബാബുവിനെതിരെ കേസെടുത്തത്. അതേസമയം പ്രചാരണം ശക്തമായിട്ടും സ്ഥാനാര്‍ത്ഥിയെ നാട്ടിലെത്തിക്കാനാകാതെ ബിജെപി വലയുകയാണ്. സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് ബിജെപി നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ വീടുകള്‍ കയറിയിറങ്ങുന്നത്. ഇതിനിടെ, റിമാന്റ് നീട്ടിയത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വോട്ടര്‍മാര്‍ക്ക് ബിജെപി നേതാക്കള്‍ നല്‍കുന്ന വാഗ്ദാനം. നേരത്തെ, ജയിലില്‍ കിടന്നുതന്നെ പ്രകാശ് ബാബു മത്സരിക്കുമെന്നു ബിജെപി നേതൃത്വം പ്രഖ്യാപിക്കുകയും പത്രിക നല്‍കുകയും ചെയ്തിരുന്നു.

Exit mobile version