ഇന്നലെ അവസാനമായി അദ്ദേഹത്തെ കണ്ടു, മാണി സാറെ എന്ന് വിളിച്ചു, അദ്ദേഹം ഒന്ന് മൂളി; പിജെ ജോസഫ്

കോട്ടയം: ഇന്നലെ രാവിലെ 11നാണ് മാണി സാറിനെ അവസാനമായി കണ്ടത്. എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലെ മുറിയില്‍ വച്ച് കൈയില്‍പിടിച്ച് മാണി സാറേ എന്നു വിളിച്ചു. മാണി സാര്‍ ചെറുതായി മൂളി. സ്‌നേഹിക്കാന്‍ മാത്രമേ മാണി സാറിന് അറിയൂ. കെഎം മാണിയെ കുറിച്ച് പിജെ ജോസഫ് പറയുന്നു.

1970ല്‍ തൊടുപുഴയില്‍ നിന്നു താന്‍ എംഎല്‍എയായി. ഔസേപ്പച്ചാ.. എന്ന് തന്നെ വിളിക്കും.. മാണി സാറേ … എന്നു താനും. നിയമസഭയില്‍ വച്ചാണ് ആദ്യമായി മാണി സാറിനെ കാണുന്നത്. പിന്നീട് ആ ബന്ധം വളര്‍ന്നു. അരനൂറ്റാണ്ടായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞപ്പോഴും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായതേയില്ല. എംഎല്‍എ ഹോസ്റ്റലില്‍ എന്റെ മുറിക്ക് അപ്പുറത്തും ഇപ്പുറത്തുമായിരുന്നു കെഎം ജോര്‍ജും കെഎം മാണിയും താമസിച്ചിരുന്നത്. കെഎം ജോര്‍ജും കെഎം മാണിയും ഇ ജോണ്‍ ജേക്കബുമായിരുന്നു അന്ന് കേരള കോണ്‍ഗ്രസിന്റെ ശക്തരായ നേതാക്കള്‍.

ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കെഎം മാണി. ഇന്നലെ വൈകീട്ട് 4.57നായിരുന്നു മാണി അന്തരിച്ചത്. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം.

Exit mobile version