പ്രവര്‍ത്തകര്‍ നിര്‍ജീവം, ശശിതരൂരിന്റെ പ്രചാരണം പാതിവഴിയില്‍; തരൂര്‍ തോറ്റാല്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ തെറിപ്പിക്കും, ജില്ലാ നേതാക്കള്‍ക്ക് കെപിസിസിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിന്റെ പ്രചാരണത്തിന് പ്രാദേശിക നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും നിര്‍ജീവമായി പെരുമാറുന്നതില്‍ ഡിസിസിക്കും കെപിസിസിക്കും അതൃപ്തി. ശശിതരൂര്‍ തോറ്റാല്‍ കര്‍ശന അച്ചടക്കനടപടി ഉണ്ടാകുമെന്ന് ജില്ലയിലെ ചില നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് നല്‍കി. രാജ്യം ശ്രദ്ധിക്കുന്ന ത്രികോണപ്പോര് നടക്കുമ്പോഴും തലസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം പോരെന്ന പരാതി വ്യാപകമാണ്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ മെല്ലെപോക്ക് ജില്ലാ നേതൃതലത്തില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നു. തിരുവനന്തപുരം മണ്ഡലത്തിന്റെ പലയിടത്തും സ്‌ക്വാഡുകള്‍ ഇതുവരെ എത്തിയിട്ടില്ല, നോട്ടീസ് വിതരണം പൂര്‍ത്തിയായില്ല, വാഹനപര്യടനത്തില്‍ ഏകോപനമില്ല തുടങ്ങി പരാതികള്‍ നിരവധിയാണ്. പക്ഷെ തരൂര്‍ പരസ്യമായി ഒരു പരാതിയും ഉന്നയിച്ചിട്ടില്ല.തരൂര്‍ തോറ്റാല്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ തെറിപ്പിക്കുമെന്ന് ജില്ലയില്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ക്ക് കെപിസിസി നേതൃത്വം അന്ത്യശാസന നല്‍കിയെന്നാണ് സൂചന.

കഴിഞ്ഞദിവസം പാര്‍ട്ടി പ്രവര്‍ത്തകരുടെ ഈ മെല്ലെ പോക്ക് ഫേസ്ബുക്കിലൂടെ ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് ചൂണ്ടിക്കാട്ടിയിരുന്നു. പ്രചാരണം ഉഷാറായില്ലെങ്കില്‍ സ്വന്തം നിലക്ക് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെ രംഗത്തിറക്കാന്‍ വരെ തരൂര്‍ ക്യാമ്പ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

Exit mobile version