മലപ്പുറത്ത് മൂന്നുവയസുകാരിയെ പട്ടിണിക്കിട്ട് മര്‍ദ്ദിച്ച സംഭവം; ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് തേടി

കുട്ടിയുടെ ശരീരത്തില്‍ നേരത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തിലും വിശദമായ അന്വേഷണം നടക്കും.

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ മൂന്നുവയസ്സുകാരിയെ പട്ടിണിക്കിട്ട് പീഡിപ്പിച്ച സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി. ജുവനൈല്‍ പോലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനോടും ശിശുക്ഷേമ സമിതി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ നേരത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തിലും വിശദമായ അന്വേഷണം നടക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് ചുമത്തുന്നതുള്‍പ്പടെയുള്ള മറ്റു നടപടികളിലേക്ക് കടക്കുക.

കുട്ടിക്ക് പോഷകാഹാരക്കുറവ് ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തി അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച പരിശോധനകള്‍ നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതിയുടെ നേതൃത്വത്തിലാകും കുട്ടിയുടെ ആരോഗ്യ പരിശോധന നടത്തുക. ശേഷം ചികിത്സയിലേക്ക് കടക്കും.

ഭക്ഷണം നല്‍കാതെയും മറ്റും ഏറെക്കാലമായി കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവില്‍ കുട്ടിയെയും സഹോദരങ്ങളെയും മാതാവിനെയും ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version