ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളും

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഇത്തവണ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ട്രാന്‍സ്‌ജെന്‍ഡറുകളും. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യസുരക്ഷാ മിഷനിലെ ട്രാന്‍സ്ജെന്‍ഡര്‍ സെല്ലില്‍ പ്രോജക്ട് ഓഫീസറായ ശ്യാമ എസ് പ്രഭ, പ്രോജക്ട് അസിസ്റ്റന്റുമാരായ ലയ മരിയ ജയ്‌സണ്‍, ശ്രുതി സിത്താര എന്നിവരെയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

ഇവര്‍ക്ക് ചുമതല നല്‍കണമെന്ന് സാമൂഹ്യനീതി വകുപ്പ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയോട് ശുപാര്‍ശ ചെയ്തിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് കിട്ടിയ അംഗീകാരമാണിതെന്ന് മൂവരും പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ മാറ്റം വരുന്നത് ശുഭസൂചനയാണെന്നും, എന്നാല്‍ കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ട സംഭവം ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും ശ്യാമ പറഞ്ഞു.

29കാരിയായ ശ്യാമ സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ അദ്ധ്യാപികയാണ്. ലയ മരിയ ജയ്‌സണ്‍ (28) ഇക്കണോമിക്‌സ് ബിരുദധാരിയും ശ്രുതി (24) ബികോം ബിരുദധാരിയുമാണ്.

Exit mobile version