കുമ്മനവും സുരേന്ദ്രനും തോല്‍ക്കണം, പാര്‍ട്ടിക്കകത്ത് ഗൂഢാലോചന; പാരപണിയുന്ന പ്രാദേശിക നേതാക്കളെ കണ്ടെത്താന്‍ അമിത് ഷായുടെ എട്ടംഗ സംഘം വരുന്നു

പത്തനംതിട്ട: കുമ്മനം രാജശേഖരനേയും കെ സുരേന്ദ്രനേയും തോല്‍പിക്കുന്നതിന് കച്ചകെട്ടി ഇറങ്ങിയ ചില ബിജെപി നേതാക്കള്‍ പാര്‍ട്ടിക്കകത്ത് ഉണ്ട് എന്നാണ് വിലയിരുത്തല്‍. ചില പ്രാദേശിക നേതാക്കളാണ് ഇതിനായി മുതിര്‍ന്നിരിക്കുന്നത്. അതേസമയം പാര്‍ട്ടിക്കകത്തെ തന്ത്രങ്ങള്‍ ചോര്‍ത്തുന്നതും വോട്ട് കച്ചവടം നടത്തുന്നതും തടയാന്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവരെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണ ഉദ്യോഗസ്ഥര്‍ മലയാളികളാണ്. അമിത് ഷായുടെ നേതൃത്വത്തിലാണ് നിരീക്ഷണസംഘത്തെ ഏര്‍പ്പാടാക്കിയത്.

കെ സുരേന്ദ്രന്റെ പ്രചാരണപരിപാടികള്‍ക്കിടെ ചില പ്രാദേശിക നേതാക്കള്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി സൂചനകള്‍ വന്നിരുന്നു. തുടര്‍ന്നാണ് കേന്ദത്തിനെ വിവരം അറിയിക്കുകയും നിരീക്ഷണ സംഘത്തെ ഏര്‍പ്പാടാക്കുകയും ചെയ്തത്.
പത്തനംതിട്ട മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സംഘത്തിലെ രണ്ടുപേരെ സ്ഥിരമായി നിയോഗിച്ചിരിക്കുകയാണ്. നിലവിലുള്ള സംസ്ഥാന നേതാക്കള്‍ക്ക് പുറമേ ആര്‍എസ്എസ് പ്രചാരകനായ ഒരാളെ കൂടി പ്രവര്‍ത്തന മേല്‍നോട്ടത്തിന് ഏര്‍പ്പെടുത്തുകയും ചെയ്തു.

Exit mobile version