പശുക്കുട്ടികളില്‍ അപൂര്‍വ്വ രോഗം; മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ക്ഷീരകര്‍ഷകര്‍

ഉള്ള്യേരിയിലാണ് കന്നുകുട്ടികള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പശുക്കുട്ടികള്‍ക്കിടയില്‍ അപൂര്‍വ്വ രോഗബാധ. ഉള്ള്യേരിയിലാണ് കന്നുകുട്ടികള്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. ജനിച്ചു വീഴുന്ന കന്നുകുട്ടികളുടെ കൈകാലുകളില്‍ പഴുപ്പ് ബാധിച്ച് അവ ചത്തു പോവുകയാണെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്. രോഗം ബാധിച്ചതിനെ കുറിച്ച് അറിയിച്ചിട്ടും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ക്ഷീരകര്‍ഷകര്‍ ആരോപിച്ചു.

ഉള്ള്യേരി കാഞ്ഞിക്കാവ് പ്രദേശത്തുള്ള പശുക്കുട്ടികള്‍ക്കാണ് കൂടുതലായും രോഗം ബാധിച്ചിരിക്കുന്നത്. പശുക്കുട്ടികളുടെ കാല്‍ മുട്ടിലാണ് ആദ്യം പഴുപ്പ് ബാധിക്കുന്നത്. പിന്നീട് കാല്‍ മുഴുവന്‍ പഴുപ്പ് വ്യാപിച്ച് ഇവ ചത്തുപോവുകയാണെന്നാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്. ഇത് മൂലം ക്ഷീരകര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തി വെയ്ക്കുന്നത്. അസുഖം കാരണം പശുക്കളെ വില്‍ക്കാനും സാധിക്കുന്നില്ല,.

വേനല്‍ രൂക്ഷമായതോടെ തീറ്റപ്പുല്‍ ലഭ്യത കുറഞ്ഞത് കാരണം ക്ഷീരകര്‍ഷകര്‍ ദുരിതത്തിലാണ്. ഇതിനിടയിലാണ് പശുക്കുട്ടികളില്‍ അപൂര്‍വ്വ രോഗം ബാധിച്ചിരിക്കുന്നത്. ഇത് ഇവരെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

Exit mobile version