ഈ പോസ്റ്ററുകള്‍ ഇന്ന് ചുരം കയറും; രാഹുല്‍ ഗാന്ധിക്കായുള്ള പോസ്റ്ററുകള്‍ ഒരുങ്ങുന്നത് കൊച്ചിയില്‍ നിന്ന്

എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്ന അനൂപ് രാധാകൃഷ്ണനാണ് വയനാട് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകളും തയ്യാറാക്കിയിരിക്കുന്നത്

കൊച്ചി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നു എന്ന് അറിഞ്ഞതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ഇതേ ആവേശത്തിലാണ് രാഹുല്‍ ഗാന്ധിക്കായി പോസ്റ്ററുകള്‍ ഉണ്ടാക്കുന്നവരും. കോണ്‍ഗ്രസ് അധ്യക്ഷന് വോട്ട് തേടിയുള്ള പോസ്റ്ററുകള്‍ ഒരുങ്ങുന്നത് കൊച്ചിയില്‍ വെച്ചാണ്.

വിഡി സതീശന്‍ എംഎല്‍എ, ഡിസിസി ജനറല്‍ സെക്രട്ടറി ഷെറിന്‍ വര്‍ഗീസ് എന്നിവര്‍ക്കാണ് പോസ്റ്ററുകള്‍ ഉണ്ടാക്കേണ്ട ചുമതല. ഇന്നു തന്നെ ഇവ വയനാട് എത്തിക്കും. എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്ന അനൂപ് രാധാകൃഷ്ണനാണ് വയനാട് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകളും തയ്യാറാക്കിയിരിക്കുന്നത്.

ഡല്‍ഹിയിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കൊച്ചിയില്‍ വെച്ചാണ് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നതെങ്കിലും ഇവ ഡല്‍ഹിയിലേക്ക് അയച്ച് അംഗീകാരം വാങ്ങിയ ശേഷമാണ് പ്രിന്റ് ചെയ്യുന്നത്. പോസ്റ്ററുകളില്‍ ഉപയോഗിച്ചത് ഡല്‍ഹിയില്‍ നിന്നും അയച്ച് നല്‍കിയ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളാണ്. മറ്റന്നാളാണ് രാഹുല്‍ ഗാന്ധി നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തുന്നത്. അതിന് മുമ്പ് വയനാട് മുഴുവന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കൊണ്ട് നിറയ്ക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തീരുമാനം.

Exit mobile version