വീട്ടമ്മ ജയരാജനെ ആട്ടിയിറക്കുന്നെന്ന് യുഡിഎഫിന്റെ വ്യാജപ്രചാരണം; യുഡിഎഫിന്റെ ഗതികേട് ഓര്‍ത്ത് ദുഃഖമെന്ന് പി ജയരാജന്‍; വീഡിയോയ്ക്ക് വിശദീകരണം

കുറ്റ്യാടി: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ വ്യാജപ്രചാരണം നടത്തുന്ന യുഡിഎഫിന്റെ മറ്റൊരു കള്ളം കൂടി പൊളിയുന്നു. ‘ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു’-എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ യുഡിഎഫ് അണികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയാണ് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

നാണംകെട്ട തോല്‍വി ഉറപ്പിച്ച യുഡിഎഫിന്റെ ബേജാറാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. മാര്‍ച്ച് 25ാം തീയതി കുറ്റ്യാടി മണ്ഡലത്തിലെ എരഞ്ഞോളിക്കണ്ടി ഹസ്സന്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം തിരിച്ചിറങ്ങുന്ന വീഡിയോയാണ് യുഡിഎഫ് വ്യാജപ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന് ജയരാജന്‍ വിശദീകരിക്കുന്നു.

‘വീട്ടമ്മ ഇറക്കിവിട്ടു’ എന്ന കുപ്രചരണത്തിന് യുഡിഎഫ് ഉപയോഗിക്കുന്ന വീഡിയോയെ കുറിച്ച് അന്വേഷിക്കാന്‍ വീട്ടുടമസ്ഥനും ഇടത് അനുഭാവിയുമായ എരഞ്ഞോളിക്കണ്ടി ഹസ്സനെ സമീപിക്കാമെന്നും ഇത്തരത്തില്‍ കുപ്രചാരണം നടത്തേണ്ടി വരുന്ന യുഡിഎഫിന്റെ ഗതികേട് ഓര്‍ത്ത് ദുഃഖമുണ്ടെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

“ജയരാജനെ വീട്ടമ്മ ആട്ടിയിറക്കുന്നു” എന്നു പറഞ്ഞു ചില യുഡിഎഫ് അണികൾ ഒരു വീഡിയോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടു.
നാണം കെട്ട തോൽവി ഉണ്ടാകും എന്ന് ഉറപ്പിച്ചത് കൊണ്ടാവാം യുഡിഎഫ് പ്രവർത്തകർക്ക് ഇത്ര ബേജാറ്.അതുകൊണ്ടാണല്ലോ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്.

ഞാൻ കയറിയ ആ വീട് കുറ്റ്യാടി മണ്ഡലത്തിലെ മുടപ്പിലായി എന്ന സ്ഥലത്തെ സ:എരഞ്ഞോളിക്കണ്ടി ഹസ്സൻ എന്നയാളുടെ വീടാണ്.സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം (25. 3.2019) രാവിലെ മുടപ്പിലാവിൽ നോർത്തിലായിരുന്നു സ്വീകരണം.
സ്വീകരണ സ്ഥലം ഒരുക്കിയത് സ: എരഞ്ഞോളിക്കണ്ടി ഹസ്സൻ്റെ വീട്ടുപറമ്പിലായിരുന്നു. സ്വീകരണ സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ഹസൻ്റെ വീട്ടു വരാന്തയിൽ കാത്തിരുന്ന തൊട്ടടുത്ത നൂറുൽ ഹുദ മദ്രസയിലെ അദ്ധ്യാപകർ സ്നേഹപൂർവ്വം സ്വീകരിച്ചു. പിന്നീട് സ: ഹസൻ്റെ ഭാര്യയെയും മറ്റും കണ്ടു. പിന്നീട് വീട്ടുമുറ്റത്തിനടുത്ത സ്വീകരണ സ്ഥലത്ത് പോയി.ഈ സംഭവത്തെ ആണ് “വീട്ടമ്മ ഇറക്കിവിട്ടു” എന്ന് കുപ്രചരണം ഇറക്കുന്നത്.

യുഡിഎഫുകാർക് ഇനിയും സംശയം ഉണ്ടെങ്കിൽ വീട്ടുടമസ്ഥനായ സ:എരഞ്ഞോളിക്കണ്ടി ഹസ്സനോട് അന്വേഷിക്കാം.

ഇനിയും പലതരം കള്ള പ്രചാരണങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം.ഇത്തരത്തിൽ പ്രചാരണം നടത്തേണ്ടി വരുന്ന യുഡിഎഫുകാരുടെ ഗതികേട് ഓർത്ത് ദുഖിക്കുന്നു….

Exit mobile version