രമ്യ ഹരിദാസിനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല; അനില്‍ അക്കരയ്ക്ക് മറുപടിയുമായി ദീപാ നിശാന്ത്

തൃശ്ശൂര്‍: ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണങ്ങളെ തള്ളി അധ്യാപിക ദീപ നിശാന്ത്. അനില്‍ അക്കര എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് നല്‍കിയ മറുപടി കുറിപ്പിലാണ് ദീപ നിശാന്ത് ജാതീയമായ അധിക്ഷേപങ്ങള്‍ നടത്തിയിട്ടില്ലെന്ന് പറയുന്നത്. രമ്യ ഹരിദാസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സംവരണ വിഭാഗത്തില്‍പ്പെട്ട തന്നെ കോലോത്തെ അമ്പ്രാട്ടി കുട്ടിയാക്കി കളഞ്ഞെന്നും ദീപ നിശാന്ത് പറയുന്നു. തന്റെ ഒരു പോസ്റ്റിലും ജാതിയധിക്ഷേപം ഉണ്ടായിട്ടില്ലെന്ന ഉത്തമ ബോധ്യമുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അധ്യാപിക ദീപ നിശാന്ത് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ബഹുമാനപ്പെട്ട വടക്കാഞ്ചേരി എം എല്‍ എ ശ്രീ.അനില്‍ അക്കരെയുടെ ശ്രദ്ധയിലേക്കായി എഴുതുന്നത്:

നിങ്ങളുടെ ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടു.അതില്‍ ചില അവകാശവാദങ്ങളും അവ്യക്തമായ ചില ആരോപണങ്ങളും കണ്ടു. അതൊന്ന് വ്യക്തമാക്കണം എന്നപേക്ഷിക്കുന്നു.
താങ്കളുടെ പോസ്റ്റിങ്ങനെയാണ്.

‘എന്റെ ദീപ ടീച്ചറെ ,
പലരും നിയമസഭയില്‍വരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാന്‍ അതില്‍
അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല ,
എന്റെ നാല്‍പ്പത്തിമൂന്നില്‍
ഒരു പങ്ക് ടീച്ചര്‍ക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ് .
അതിന്റെ കാരണം ഞാന്‍ ഇവിടെ പറയുന്നുമില്ല .
എന്നാല്‍ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകള്‍ ടീച്ചര്‍ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം .
യു ജി സി .നിലവാരത്തില്‍ ശമ്പളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളികപ്പുറത്തമ്മയാകാനുള്ള
ആഗ്രഹം കാണില്ല .അതില്‍ തെറ്റുമില്ല .
കാരണം യു ജി സി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത് .
സത്യത്തില്‍ ഞാനറിയുന്ന പേരാമംഗലത്തെ
എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല .അവര്‍ക്ക് ഇങ്ങനെയാകാനും കഴിയില്ല .’

നിയമസഭയില്‍ വരെ എന്നെ പലരും കളിയാക്കിയിട്ടും നിയന്ത്രണം വിടാതെ സ്വന്തം മണ്ഡലത്തിലെ വോട്ടറുടെ അഭിമാനം സംരക്ഷിച്ച അങ്ങയ്ക്ക് സ്വന്തം മണ്ഡലത്തിലെ വോട്ടര്‍മാരോടുള്ള ദയാവായ്പിനെപ്പറ്റിയോര്‍ത്ത് ഞാന്‍ ഒന്നര മിനിറ്റു നേരം എഴുന്നേറ്റ് നിന്ന് കണ്ണീര്‍ പൊഴിച്ചിട്ടുണ്ട്. താങ്കളുടെ നിശ്ശബ്ദസഹനം കണ്ട് പഠിക്കട്ടെ മറ്റ് എം എല്‍ എ മാര്‍ .

‘നാല്‍പ്പത്തിമൂന്നില്‍ ഒരു പങ്ക് ‘ എന്ന് കേട്ടപ്പോള്‍ ആദ്യമെനിക്ക് കാര്യം പിടികിട്ടിയില്ല.
പിന്നെ ഓര്‍മ്മ വന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ നാല്‍പ്പത്തിമൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ കണക്കാണതെന്ന്. അതില്‍ എന്റെ പങ്ക് എന്താണെന്നാണ് മനസ്സിലാകാത്തത്. ഞാന്‍ താങ്കള്‍ക്ക് വോട്ട് ചെയ്തു എന്ന അവകാശവാദമാണോ? 2016 ഇലക്ഷന്‍ സമയത്ത് ഞാന്‍ നാട്ടിലില്ലായിരുന്നു.വെക്കേഷന് ഷാര്‍ജയിലേക്ക് കുടുംബസമേതം പോയതുകൊണ്ട് ആ അവകാശവാദത്തിന് പ്രസക്തിയില്ല. ജനാധിപത്യപ്രക്രിയയില്‍ പങ്കാളിയാകാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യമായിത്തന്നെ കരുതുന്നു.

ഞാന്‍ മറ്റേതെങ്കിലും തരത്തില്‍ അങ്ങയെ സഹായിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍ അതൊന്ന് വ്യക്തമാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. അനാവശ്യ ആരോപണങ്ങള്‍ ഒരു എം എല്‍ എ വ്യക്തികള്‍ക്കു നേരെ ഉയര്‍ത്തുന്നത് അത്ര ശുഭകരമല്ല. വ്യക്തി എന്ന നിലയില്‍ ആ പരാമര്‍ശത്തെ അവഹേളനപരമായിത്തന്നെ ഞാന്‍ കാണുന്നു.

എന്റെ യു ജി സി ശമ്പളവും മാളികപ്പുറത്തമ്മ മോഹവും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടുന്നില്ല.യു ജി സി ശമ്പളം വാങ്ങുന്ന മാളികപ്പുറത്തമ്മ മോഹം ഉള്‍പ്പേറുന്ന പലരെയും എനിക്ക് നേരിട്ടും അല്ലാതെയും പരിചയമുള്ളതിനാല്‍ ശമ്പളവും ‘റെഡി ടു വെയ്റ്റും’ തമ്മില്‍ ബന്ധമൊന്നുമില്ല എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.

ആ അവസാന വാചകമാണ് എന്നെ ഹഠാദാകര്‍ഷിച്ചത്!

”ഞാനറിയുന്ന എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ‘

ഹൊ!

എന്തൊരു വാചകമാണത്!

അടിമുടി പൂത്തുലഞ്ഞുപോയി.

വംശഗാഥയുടെ പേരും പറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കുന്ന അങ്ങ് പിന്നെന്താണ് പറയുക? അല്ലേ?

ഒരു വ്യക്തിയുടെ രാഷ്ട്രീയബോധത്തെ അങ്ങെങ്ങനെയാണ് കാണുന്നത്?

കുടുംബപാരമ്പര്യം വഴി ഇടതുബോധത്തിലേക്ക് അബദ്ധത്തില്‍ മൂക്കും കുത്തി വീണ ആളല്ല ഞാന്‍. ഒരു സമരത്തിലും വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ പങ്കെടുത്തിട്ടില്ല. പക്ഷേ നിഷ്പക്ഷത അന്നുമുണ്ടായിരുന്നില്ല. കൃത്യമായ ജനാധിപത്യ ബോധമുണ്ടായിരുന്നു. കുടുംബത്തില്‍ നിരവധി നിഷ്പക്ഷമതികളും സുമേഷ് കാവിപ്പടയും കേശവമ്മാമമാരുമൊക്കെ ഉണ്ടാകുന്നത് എന്റെ തെറ്റല്ല. വ്യത്യസ്ത രാഷ്ട്രീയബോധം ഉള്‍പ്പേറുന്നവര്‍ അവിടുണ്ടാകും .അതിന് ഞാനെന്തു പിഴച്ചു?

ഓ! മറന്നു!

സ്ത്രീകളുടെ രാഷ്ട്രീയം പച്ച വെളളം പോലെയാണല്ലോ അല്ലേ? പിതാവ്, ഭര്‍ത്താവ്, സഹോദരന്‍, കാമുകന്‍ എന്നിത്യാദി പാത്രങ്ങളില്‍ ഒഴിക്കുമ്പോള്‍ അതാത് പാത്രങ്ങളുടെ ആകൃതി പേറുന്ന പച്ചവെള്ളപ്പെണ്ണുങ്ങള്‍! ആഹഹ !

സ്വയംനിര്‍ണ്ണയാവകാശം എന്ന് കേട്ടിട്ടുണ്ടോ?

ഇക്കഴിഞ്ഞ വനിതാദിനത്തിലും ലിംഗനീതിയെപ്പറ്റിയും സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റിയും ക്ലാസ്സെടുത്തില്ലേ?

ആറ്റൂരിന്റെ ആ കവിത ചൊല്ലായിരുന്നില്ലേ?

‘ കുറേ നാളായുള്ളിലൊരുത്തി തന്‍ ജഡമളിഞ്ഞുനാറുന്നു!

വിരലുകള്‍ മൂക്കില്‍ തിരുകിയാണു ഞാന്‍ നടപ്പതെങ്കിലു-
മരികത്തുള്ളോരുമകലത്തുള്ളോരുമൊഴിഞ്ഞു മാറുന്നു!’

നിങ്ങളൊക്കെ ഉള്‍പ്പേറുന്ന പെണ്ണുങ്ങളെപ്പറ്റിയാണ് പറയുന്നത്. ഉള്ളില്‍ കൊണ്ടു നടക്കുന്ന പരമ്പരാഗത കുലസ്ത്രീ വേര്‍ഷന്‍ ചീഞ്ഞു തുടങ്ങിയെന്നും ദുര്‍ഗന്ധം പുറത്തറിയാന്‍ തുടങ്ങിയെന്നുമാണ് സൂക്ഷ്മാര്‍ത്ഥം.

വോട്ടു ചോദിക്കാനൊക്കെ ചില വീടുകളിലേക്ക് പോകുമ്പോള്‍ ചില വീടുകളില്‍ നിന്ന് ഒരു കിളിനാദം പുറത്തേക്ക് കേള്‍ക്കാറില്ലേ?
‘ ഇവിടാരൂല്യാ ‘ ന്ന്.

അത് കേട്ട് മടങ്ങാറില്ലേ?

വീട്ടില്‍ ആളില്ലാത്തോണ്ടല്ല, ആണില്ലാത്തോണ്ടാണെന്ന് മനസ്സിലാക്കാന്‍ ഇപ്പോഴും പ്രയാസമൊന്നും തോന്നാറില്ലല്ലോ?

നിങ്ങളെപ്പോലുള്ളവര്‍ക്കു വേണ്ടിയുള്ള വാചകമാണത്.

‘ഇവിടാരൂല്യാ ‘

അതേന്ന്!

നിങ്ങളുദ്ദേശിച്ച ആളിവിടില്ല.

എന്റെ രാഷ്ട്രീയ ബോധം എനിക്ക് പൈതൃക സ്വത്തായി ഭാഗം വെച്ച് കിട്ടിയതല്ല !

പകര്‍ച്ചവ്യാധിയായി കിട്ടിയതുമല്ല.

അതിനെ സ്വന്തം തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാമെന്ന വ്യാമോഹമൊക്കെ അബദ്ധാണ്.

നിങ്ങള്‍ രാഷ്ട്രീയം സംസാരിക്കൂ.

ഈ തിരഞ്ഞെടുപ്പുകാലത്ത് അതല്ലേ വേണ്ടത്.

സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്തൂ.
അവര്‍ മുന്നോട്ടുവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ ബോധ്യപ്പെടുത്തൂ.

152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എങ്ങനെയാണ് 138-ാം സ്ഥാനത്തേക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പിന്തള്ളപ്പെട്ടതെന്ന് പറഞ്ഞു തരൂ.

അവരുടെ പാട്ടിന് ഞങ്ങള്‍ കയ്യടിക്കാം .ആസ്വദിക്കാം. പക്ഷേ ഒരു ജനപ്രതിനിധിയില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കേണ്ടത് അതാണോ?

അവരുടെ ജാതിയെ ഞാനെവിടെയാണ് അധിക്ഷേപിച്ചിട്ടുള്ളത്?

എന്റെ ഒരു പോസ്റ്റിലും ജാത്യധിക്ഷേപം ഉണ്ടാകില്ല എന്നത് എന്റെ ഉത്തമബോധ്യം തന്നെയാണ്.

ഞാന്‍ സവര്‍ണ്ണയാണെന്ന് പലരും എഴുതിക്കണ്ടു. ഏതര്‍ത്ഥത്തിലാണ് സംവരണ വിഭാഗത്തില്‍പ്പെടുന്ന എന്നെ ഞൊടിയിടക്കങ്ങ് കോലോത്തെ അമ്പ്രാട്ടിക്കുട്ടിയാക്കിക്കളഞ്ഞത്?

ഡോ. പി.കെ.ബിജു ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്?

അദ്ദേഹം പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി കടന്നുപോന്നിട്ടുള്ള ആളല്ലേ?

ഞാന്‍ ചൂണ്ടിക്കാട്ടിയ വസ്തുതാപരമായ പിഴവിനെപ്പറ്റി നിങ്ങളെന്തേ ഒന്നും പറഞ്ഞില്ല?

ആരാണ് കേരളത്തിലെ ആദ്യ വനിതാ ദളിത് എം പി ?

കൂടുതല്‍ വിശദീകരിക്കാന്‍ വയ്യാത്തതു കൊണ്ട് കാവ്യ കൊറോം എഴുതിയ പോസ്റ്റിലെ ചില ഭാഗങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നു. ഉത്തരം പറ്റുമെങ്കില്‍ തരണം .

Exit mobile version