മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം; മരണ കാരണം ശ്വാസനാളത്തില്‍ തുണി കുരുങ്ങിയത്

സാമ്പത്തിക തട്ടിപ്പ് കേസിലാണ് കോട്ടയം കുമരകം സ്വദേശി എംജെ ജേക്കബ് മാവേലിക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്

മാവേലിക്കര: മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയായ എംജെ ജേക്കബ് മരിച്ചത് ശ്വാസനാളത്തില്‍ ടവ്വല്‍ കുരുങ്ങി ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന. ഇയാള്‍ ടവ്വല്‍ സ്വയം വിഴുങ്ങിയതാണോ മറ്റാരെങ്കിലും ബലംപ്രയോഗിച്ച് ഇയാളുടെ വായില്‍ കുത്തിക്കയറ്റിയതാണോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയിലിലെത്തി ഉദ്യോഗസ്ഥരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തു.

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ വെച്ച് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെയും ചെങ്ങന്നൂര്‍ ആര്‍ഡിഒയുടേയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ജേക്കബിന്റെ മരണം ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് സൂചന ലഭിച്ചതായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി അനീഷ് വി കോര പറഞ്ഞു.

ഇയാളുടെ ശ്വാസനാളത്തില്‍ ടവ്വല്‍ പോലുള്ള തുണി കുരുങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇയാള്‍ ടവ്വല്‍ സ്വയം വിഴുങ്ങിയതോണോ മറ്റാരെങ്കിലും ബലം പ്രയോഗിച്ച് ചെയ്താണോ എന്ന് അറിയാന്‍ കഴിയുള്ളുവെന്നാണ് പോലീസ് പറയുന്നത്.

സാമ്പത്തിക തട്ടിപ്പ് കേസിലാണ് കോട്ടയം കുമരകം സ്വദേശി എംജെ ജേക്കബ് മാവേലിക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. ഇരുപതിന് രാത്രി ഒമ്പത് മണിയോടെയാണ് ജേക്കബിനെ ജയിലിലെത്തിച്ചത്. സെല്ലിനകത്ത് ജേക്കബ് ഉള്‍പ്പെടെ പതിനഞ്ച് പേരാണ് ഉണ്ടായിരുന്നത്. ജില്ലാ പോലീസ് മേധാവി കെഎം ടോമിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജയിലിലെത്തി സെല്ലില്‍ ഉണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തി.

Exit mobile version