രാഹുല്‍ മുന്നോട്ടു വെയ്ക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്; ആവശ്യം ആദ്യം ഉന്നയിച്ചത് വിടി ബല്‍റാം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ട വിവരം വെളിപ്പെടുത്തിയത്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് തൃത്താല എംഎല്‍എ വിടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാര്‍ച്ച് 18-നാണ് വിടി ബല്‍റാം ഈ ആവശ്യം ഉന്നയിച്ചത്. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തുമെന്ന് ബല്‍റാം കുറിച്ചു.

വിടി ബല്‍റാമിന്റെ അഭിപ്രായത്തെ പിന്തുണച്ച് കെഎം ഷാജിയും രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ തന്നെയാണ് മത്സരിക്കേണ്ടതെന്നും രാജ്യത്തെ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള രാഷ്ട്രീയമായ പോരാട്ടത്തിന്റെ സര്‍വ്വസൈന്യാധിപന് കേരളമാണ് അനുയോജ്യമെന്നും ഷാജി പറഞ്ഞിരുന്നു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുല്‍ മുന്നോട്ടു വെയ്ക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.’

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ട വിവരം വെളിപ്പെടുത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് ഏറെ സന്തോഷത്തോടെ കാണുന്നെന്നും താന്‍ പിന്മാറുകയാണെന്നും നിലവിലെ സ്ഥാനാര്‍ഥിയായ ടി സിദ്ധീക്ക് പറഞ്ഞതായി ഉമ്മന്‍ ചാണ്ടി അറിയിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് തീരുമാനിച്ചാല്‍ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്കൊപ്പമായിരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ സീറ്റിലും തങ്ങള്‍ ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version