മാവേലിക്കര ജയിലില്‍ പ്രതിയെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇയാള്‍ മാവേലിക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്

മാവേലിക്കര: മാവേലിക്കര ജയിലില്‍ പ്രതിയെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എംജെ ജേക്കബാണ് സെല്ലിനകത്ത് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഇയാളെ സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.

സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇയാള്‍ മാവേലിക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് ഇയാളെ ജയിലിലെത്തിച്ചത്. ചികിത്സയ്ക്കായി വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് എഴുപത് ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നതാണ് കേസ്.

ഇരവിപേരൂരില്‍ സ്വകാര്യ പ്രമേഹരോഗ ചികിത്സാ സ്ഥാപനം നടത്തിയിരുന്ന ഇയാള്‍ നാല്‍പതോളം പേരുടെ രേഖകള്‍ നല്‍കി വായ്പയ്ക്ക് അപേക്ഷിക്കുകയും വായ്പാ തുക രോഗികള്‍ക്ക് കൈമാറാതെ തട്ടിയെടുക്കുകയുമാണ് ചെയ്തത്.

Exit mobile version